വിമാനാപകടം; അന്വേഷണം ആരംഭിച്ചു

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ബംഗ്ലാദേശ് വിമാനം തകര്‍ന്നുവീണത് സംബന്ധിച്ചു പോലിസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് പരസ്പരം പഴിചാരുകയാണ് എയര്‍ലൈനും എയര്‍പോര്‍ട്ട് അതോറിറ്റിയും. ലാന്‍ഡിങ് സമയത്തെ ആശയവിനിമയത്തിലെ അവ്യക്തതകളാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം. ഇതുസംബന്ധിച്ചാണ് പോലിസ് അന്വേഷിക്കുന്നത്.
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്  കണ്ടെത്തിയതായി വിമാനത്താവളം ജനറല്‍ മാനേജര്‍ രാജ്കുമാര്‍ ചെത്രി അറിയിച്ചു. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൈലറ്റിന്റെ പിഴവാണ് അപകടകാണമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വാദം.
എന്നാല്‍, പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിമാനം പറത്തിയതെന്നും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്നു ലഭിച്ച തെറ്റായ സന്ദേശമാണ് അപകടത്തിനു കാരണമെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. പൈലറ്റും കണ്‍ട്രോള്‍ റൂമും തമ്മില്‍ നടത്തിയ മൂന്നു മിനിറ്റ് നീണ്ട സംഭാഷണത്തില്‍ അതു വ്യക്തമായതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പൈലറ്റ് തെക്കുദിശയില്‍ വിമാനമിറങ്ങാനുള്ള അനുമതി തേടിയപ്പോള്‍ കണ്‍ട്രോള്‍ റൂം അത് അനുവദിച്ചു. എന്നാല്‍, ഒരു മിനിറ്റിനു ശേഷം വിമാനം വടക്കുഭാഗത്തു ലാന്‍ഡ് ചെയ്യുകയാണെന്നു പൈലറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും അതിന് അനുമതി ലഭിക്കുകയുമായിരുന്നുവെന്ന് എയര്‍ട്രാഫിക് മോണിറ്ററിങ് വെബ്‌സൈറ്റ് പുറത്തുവി—ട്ട റിപോര്‍ട്ടില്‍ പറയുന്നു.
തിങ്കളാഴ്ചയാണ് ധക്കയില്‍ നിന്നുള്ള യുഎസ് ബംഗ്ല എയര്‍ലൈന്‍സ് വിമാനം അപകടത്തില്‍പ്പെട്ടത്. 67 യാത്രക്കാരടക്കം ആകെ 71 പേരാണുണ്ടായിരുന്നത്. ഇതില്‍ 49 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.

RELATED STORIES

Share it
Top