വിമാനത്തില്‍ സീറ്റില്ല; യുവതിയും മക്കളുമടക്കം 13 പേരുടെ യാത്ര മുടങ്ങി

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് മസ്‌ക്കറ്റ് വഴി ജിദ്ദയിലേക്ക് ഒ കെ ആയ വിമാന ടിക്കറ്റുമായി എത്തിയ യാത്രക്കാരിക്കും മൂന്ന് മക്കളുമടക്കം 13 പേര്‍ക്കും വിമാനത്തില്‍ സീറ്റില്ലെന്ന് പറഞ്ഞ് അധികൃതര്‍ യാത്ര നിഷേധിച്ചെന്ന് പരാതി.
ഇന്നലെ രാത്രി 9.15ന് മസ്‌ക്കറ്റിലേക്ക് ഒമാന്‍ എയര്‍ വിമാനത്തില്‍ പോകാനെത്തിയ ചേളാരി സ്വദേശിയായ മാതാവിനും മൂന്ന് മക്കള്‍ക്കും മറ്റു 11 പേര്‍ക്കുമാണ് വിമാനത്താവളത്തില്‍ ദുരനഭവമുണ്ടായത്.ജിദ്ദയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനടുത്തേക്കാണ് കരപ്പൂര്‍-മസ്‌ക്കറ്റ്, മസ്‌ക്കറ്റ്-ജിദ്ദ മേഖലയിലേക്ക് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവര്‍ വിമാന ടിക്കറ്റെടുത്തത്. 3400 സൗദി റിയാല്‍ നല്‍കിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ഇവര്‍ പറഞ്ഞു. കരിപ്പൂരില്‍ നിന്ന് മസ്‌ക്കറ്റിലെത്തി ഇവിടെ നിന്ന് ജിദ്ദയിലേക്ക് കണക്ഷന്‍ വിമാനത്തിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാന യാത്രക്കായി കൃത്യസമയത്ത് തന്നെ കരിപ്പൂരിലെത്തിയെങ്കിലും വിമാനത്തില്‍ സീറ്റില്ലെന്ന് പറഞ്ഞ് ഇവരെ മടക്കുകയായിരുന്നു.
തങ്ങളുടെ സീറ്റുകള്‍ മറിച്ച് മറ്റുള്ളവര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.യാത്രക്കാരിയും മക്കളും വിമാനത്താവളത്തില്‍ കുടുങ്ങിയതോടെ ബന്ധുക്കളും ജിദ്ദയിലുളള ഭര്‍ത്താവും ആധിയിലായി. നാലു പേരേയും മറ്റുള്ളവരെയും ഇന്നത്തെ വിമാനത്തില്‍ കൊണ്ടു പോകാമെന്നും നഷ്ടപരിഹാരം നല്‍കാമെന്നുമാണ് അറിയിച്ചാണ് അധികൃതര്‍ മടക്കിയത്.
സീസണ്‍ സമയമായതിനാല്‍ വിമാനത്തില്‍ ടിക്കറ്റ് ലഭിക്കാന്‍ തന്നെ പ്രയാസമാണ്. ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കടക്കം യാത്ര നിഷേധിക്കപ്പെടുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top