വിമാനത്താവള റോഡുകളുടെ കാര്യം അനിശ്ചിതത്വത്തില്‍

വിമാനത്താവള റോഡുകളുടെ കാര്യം അനിശ്ചിതത്വത്തില്‍മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണം അതിവേഗം പുരോഗമിക്കവെ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ കാര്യം അനിശ്ചിതത്വത്തില്‍. നിലവിലുള്ള റോഡുകള്‍ മെക്കാഡം ടാര്‍ ചെയ്ത് നവീകരിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആറു പ്രധാന റോഡുകള്‍ നാലുവരിയായി വികസിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
തലശ്ശേരി കൊടുവള്ളി ഗേറ്റ്-മമ്പറം-എയര്‍പോര്‍ട്ട് റോഡ്, കുറ്റിയാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ്, മാനന്തവാടി-ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ്, കൂട്ടുപുഴ പാലം-ഇരിട്ടി-മട്ടന്നൂര്‍ വായന്തോട് റോഡ്, തളിപ്പറമ്പ്-നണിച്ചേരി പാലം-മയ്യില്‍-ചാലോട് റോഡ്, മേലെ ചൊവ്വ-ചാലോട്-വായന്തോട്-എയര്‍പോര്‍ട്ട് റോഡ് എന്നിവയാണിവ. കണ്ണൂര്‍ മേലെ ചൊവ്വയില്‍നിന്ന് മടന്നൂരിലേക്കുള്ള റോഡ് ഗ്രീന്‍ഫീല്‍ഡ് റോഡായി നവീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതിനുള്ള രൂപരേഖ നിര്‍ണയിച്ചതു മുതല്‍ തര്‍ക്കം രൂക്ഷമായി. ഒരുതുണ്ടു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന വാദവുമായി ഭൂവുടമകള്‍ രംഗത്തെത്തിയതോടെ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതി അധികൃതര്‍ ഉപേക്ഷിച്ചു. മേലെ ചൊവ്വ-മട്ടന്നൂര്‍ റോഡ് മാസങ്ങള്‍ക്കു മുമ്പ് ദേശീയപാതയായി പ്രഖ്യാപിച്ചതോടെ ഇരുവശത്തും അല്‍പം വീതികൂട്ടല്‍ പ്രവൃത്തി നടത്തിയിരുന്നു. താഴെ ചൊവ്വയില്‍നിന്ന് അഞ്ചരക്കണ്ടി വഴി മട്ടന്നൂരിലേക്കുള്ള റോഡാണ് വീതികൂട്ടി നവീകരിക്കാന്‍ ലക്ഷ്യമിട്ട മറ്റൊരു പാത. ഇരിട്ടിയില്‍നിന്നും നിടുമ്പൊയില്‍നിന്നുമുള്ള റോഡുകളും നവീകരിക്കേണ്ടതുണ്ട്. ഇവയിലൊന്നും അന്തിമനടപടി ആയിട്ടില്ല. പദ്ധതിരേഖ സമര്‍പ്പിക്കണമെങ്കില്‍ രണ്ടുമാസത്തിലേറെ സമയമെടുക്കും. അനുമതി കിട്ടിയാലും പണി തുടങ്ങണമെങ്കില്‍ സമയം പിന്നെയും വൈകും. തലശ്ശേരി-വളവുപാറ റോഡിന്റെ പണി മാത്രമാണ് ഇപ്പോള്‍ ഏകദേശം പൂര്‍ത്തിയായിട്ടുള്ളത്. കുടകിനെ കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന മടക്കേരി-മാക്കൂട്ടം റോഡ് ദേശീയപാതയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ല.

RELATED STORIES

Share it
Top