വിമാനത്താവളത്തില്‍ പൊതുജന സന്ദര്‍ശനം നിര്‍ത്തിവച്ചു

മട്ടന്നൂര്‍: ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ലൈസന്‍സ് ലഭിച്ച കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കിയാലിന്റെ തീരുമാനത്തിന് അപ്രതീക്ഷിത തിരിച്ചടി. സന്ദര്‍ശകര്‍ കൈയും കണക്കില്ലാതെ ഇരച്ചുകയറിയതോടെ വിമാനത്താവളത്തിലെ അലങ്കാരപ്പണികള്‍ അലങ്കോലമായി. വാതില്‍ ഗ്ലാസും പുറത്തെ പൂച്ചട്ടികളും തിരക്കിനിടെ തകര്‍ന്നു.
പതിനായിരങ്ങളാണ് അവധിദിനമായ ഇന്നലെ വിമാനത്താവളം കാണാനെത്തിയത്. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ ജീവനക്കാര്‍ ദുരിതത്തിലായി. ഇതോടെ ഇന്നും നാളെയും പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശനം നിര്‍ത്തിവച്ചിരിക്കയാണ്. ഉദ്ഘാടനം വരെ സന്ദര്‍ശനം നിര്‍ത്തിവയ്ക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച് കിയാല്‍ എം ഡി തുളസീദാസ് ഉടന്‍ തീരുമാനമെടുക്കും.
ഒരു ദിവസം പതിനായിരം പേരെ വരെ നിയന്ത്രിച്ചു കടത്താനാവുമെന്ന് വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേന അധികൃതര്‍ പറയുന്നു. എന്നാല്‍ ഇന്നലെ എത്തിയവരുടെ എണ്ണം ലക്ഷത്തോളം വരും. പ്രവര്‍ത്തിക്കാത്ത എസ്‌കലേറ്റര്‍ വഴി പതിനായിരങ്ങളാണ് ഇരച്ചുകയറിയത്. ഇനി യത് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രശ്‌നമുണ്ടാവുമോ എന്നാണ് അധികൃതരുടെ ആശങ്ക.
കര്‍ണാടകത്തിലെ കുടകില്‍നിന്ന് വയനാട്, കാസര്‍കോട് ജില്ലകളില്‍നിന്നുമാണ് സന്ദര്‍ശകര്‍ ഏറെയുള്ളത്. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാണ് വിമാനത്താവളത്തിലേക്ക് സന്ദര്‍ശകര്‍ക്ക് അനുവദിച്ച സമയം. എന്നാല്‍ അതിരാവിലെ തന്നെ പലരുമെത്തി. റണ്‍വേ, ഫയര്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രവേശനം വിലക്കിയിട്ടുണ്ട്. ഡിസംബര്‍ ഒമ്പതിനാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിമാനങ്ങള്‍ പറന്നുയരുക. പ്രവാസികള്‍ക്കൊപ്പം നാട്ടുകാരും വന്‍ പ്രതീക്ഷയിലാണ്. 11 വിദേശ വിമാന കമ്പനികള്‍ കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു.

RELATED STORIES

Share it
Top