വിമാനത്താവളത്തിലേക്ക് ഗതാഗതസൗകര്യം: മട്ടന്നൂര്‍ നഗരസഭ നടപടി തുടങ്ങി

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തന സജ്ജമാക്കാന്‍ പോവുന്നതിനിടെ വിമാനത്താവളത്തിലേക്കുള്ള ഗതാഗത സൗകര്യമൊരുക്കാന്‍ നഗരസഭ നടപടികള്‍ തുടങ്ങി. റോഡ് നവീകരിക്കുന്നതിന്റെ മുന്നോടിയായുള്ള യോഗം മട്ടന്നൂരില്‍ നടന്നു. വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ മട്ടന്നൂര്‍ നഗരത്തിലെയും പരിസര പ്രദേശങ്ങളിലുമുണ്ടാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് റോഡ് വീതികൂട്ടി നവീകരിക്കാന്‍ നീക്കം തുടങ്ങിയത്.
മട്ടന്നൂര്‍-മരുതായി-ഇരിക്കൂര്‍ റോഡാണ് 25 കോടി രൂപ ചെലവിട്ടു വീതികൂട്ടി നവീകരിക്കുന്നത്. നിലവിലുള്ള 5 മീറ്റര്‍ വീതിയിലുള്ള റോഡ് 12 മീറ്ററാക്കി മെക്കാഡം ടാറിങ് ചെയ്യാനാണ് ടെന്‍ഡറായിരിക്കുന്നത്.
വളവ് ഒഴിവാക്കിയും കയറ്റം കുറച്ചുമാണ് റോഡ് നവീകരിക്കുന്നത്. മട്ടന്നൂര്‍ മുതല്‍ ഇരിക്കൂര്‍ വരെയുള്ള 9 കിലോമീറ്റര്‍ റോഡ് വീതികൂട്ടി നവീകരിച്ചാല്‍ ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, ആലക്കോട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് വേഗത്തില്‍ വിമാനത്താവളത്തിലെത്താന്‍ കഴിയും.
റോഡിന്റെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനു ഇരിക്കൂറി ഒരു കരാറുകാരനു ടെന്‍ഡര്‍ നല്‍കിയിരിക്കുകയാണ്. മട്ടന്നൂര്‍ മുതല്‍ മണ്ണൂര്‍പാലം വരെ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും പങ്കെടുപ്പിച്ചു യോഗം ചേര്‍ന്നു. കുടുംബശ്രീ സിഡിഎസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ അനിതാ വേണു അധ്യക്ഷത വഹിച്ചു. റോഡ് വികസനത്തിനു എല്ലാവരും സഹായിക്കണമെന്നു ചെയര്‍പേഴ്‌സണ്‍ അനിത വേണു പറഞ്ഞു.

RELATED STORIES

Share it
Top