വിമാനത്താവളത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി പ്രദര്‍ശനം

കൊണോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് എയര്‍പോര്‍ട്ട് അഥോറിറ്റി ഒരുക്കിയ  പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. വിമാനം റണ്‍വേയില്‍ സുരക്ഷിത ലാന്റിംഗ് നടത്തുന്നതടക്കമുളള സൗകര്യങ്ങളാണ് എക്‌സ്‌പോയില്‍ ഒരുക്കിയിരിക്കുന്നത്.
എയര്‍ട്രാഫികിന്റെ നിര്‍ദേശത്തില്‍ യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണ് വിമാനം പറന്നിറങ്ങുന്നതും ഉയരുന്നതും. വിമാനങ്ങള്‍ മറ്റൊരു വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നത് മുതല്‍ കരിപ്പൂരില്‍ വന്നിറങ്ങുന്നത് വരെ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഇവ വിശദീകരിക്കാന്‍ അഥോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും രംഗത്തുണ്ട്.
ആകാശത്തുളള ഏതു ഇന്ത്യന്‍ വിമാനത്തിന്റെയും ഗതിനിര്‍ണ്ണയിക്കാന്‍ ഗഗന്‍,വിമാനങ്ങളുടെ ലാന്റിംഗിനെ സഹായിക്കുന്ന ഇന്‍സ്റ്റുമെന്‍ട്രല്‍ ലാന്റിംഗ് സിസ്റ്റ(ഐ.എല്‍.എസ്),ഐ.എല്‍.എസിന്റെ ഗ്ലേപാത്ത്,ലോക്കലൈസര്‍ എന്നിവയുടെ ഭാഗങ്ങള്‍ അടക്കം എക്‌സ്‌പോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിമാനം ലാന്റിംഗിന് പൈലറ്റിന് റണ്‍വേയുടെ നേര്‍രേഖ കാണിച്ചുനല്‍കുന്നത് ഐ.എല്‍.എസിന്റെ ഗ്ലേപാത്ത്,ലോക്കലൈസര്‍ ഭാഗങ്ങളാണ്.റണ്‍വേയില്‍ ലൈറ്റുകളുടെ സജീകരണങ്ങളും ക്രത്യമായി എക്‌സപോയില്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്.
വിമാനത്താവളത്തിന്റെ റണ്‍വേ ഒരുക്കിയാണ് വിമാനലാന്റിംഗ് പരിചയപ്പെടുത്തുന്നത്.ഒരേ സമയം മൂന്ന് വിമാനങ്ങള്‍ക്ക് വരെ ലാന്റിംഗ് അനുമതി നല്‍കുന്നത് എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ട്.വിമാനത്താവളത്തിലെ അഗ്നിശമന സേനയുടെ ഉപകരണങ്ങളും പ്രദര്‍ശന ഹാളിലുണ്ട്.ഇതോടൊപ്പം മുപ്പത് വര്‍ഷത്തെ കരിപ്പൂരിന്റെ ഫോട്ടോകളും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.എക്‌സ്‌പോ ഇന്ന് സമാപിക്കും.

RELATED STORIES

Share it
Top