വിമാനത്താവളം റോഡ് വികസനത്തിനു സര്‍വേ കുരുക്ക്

മട്ടന്നൂര്‍: ഡിസംബര്‍ മാസത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ് നടത്താനൊരുങ്ങുന്നകണ്ണൂര്‍ വിമാനത്താവളത്തിലെ റോഡ് വികസനം സര്‍വേയില്‍ കുടുങ്ങി. വിമാനത്താവളം ആയിരക്കണക്കിനു യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുമ്പോള്‍ കവാടത്തിനു പുറത്ത് കടന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ മണിക്കൂറുകളോളം വേണ്ടിവരുന്ന അവസ്ഥയാണുണ്ടാവുക. നിലവിലെ റോഡുകള്‍ നാലുവരിപ്പാതയായി ഉയര്‍ത്തുമെന്ന് രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പലതും സര്‍വേയില്‍ മാത്രമായി ഒതുങ്ങി. വിമാനത്താവളത്തിന് തൊട്ടുകിടക്കുന്ന നഗരമായ മട്ടന്നൂരില്‍ വിമാനമിറങ്ങുന്നതിന് മുമ്പ് തന്നെ മണിക്കൂറോളം ഗതാഗതക്കുരുക്ക് നേരിടുകയാണ്.
വിമാനത്താവളം പ്രവര്‍ത്തനക്ഷമമായാല്‍ മട്ടന്നൂരില്‍ വാഹനങ്ങളുടെ എണ്ണം ഇരട്ടിയാവുന്നതോടെ നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥയുണ്ടാവും. റോഡിന് ഇരുവശവും വാഹനങ്ങളുടെ പാര്‍ക്കിങാണ് ഗതാഗതക്കുരുക്കിനു പ്രധാന കാരണം. താരതമ്യേന ഗതാഗത സൗകര്യങ്ങള്‍ തീരെയില്ലാതെ വീര്‍പ്പുമുട്ടുന്ന മട്ടന്നൂരിനെ കൂടുതല്‍ വീര്‍പ്പുമുട്ടലിലേക്കാണ് കെട്ടിടനിര്‍മാണം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തന്നെ ആറോളം കെട്ടിടങ്ങളാണ് നിര്‍മാണം തുടങ്ങിയത്.
കണ്ണൂരില്‍ നിന്ന് വിമാനത്താവളത്തിലേക്ക് വരുന്ന മേലെചൊവ്വ-മട്ടന്നൂര്‍ റോഡ് നാലുവരിപ്പാതയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും സാധ്യതാപഠനം മാത്രമാണ് നടക്കുന്നത്. നിലവിലെ റോഡില്‍ കുടി ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോവുന്നത്. ഇതിനുപുറമെ തലശ്ശേരി-കൊടുവള്ളി ഗേറ്റ്-മമ്പറം എയര്‍പോര്‍ട്ട് റോഡ്-24.50 കിലോമീറ്റര്‍, കുറ്റിയാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ്-52.20 കിലോ മീറ്റര്‍, മാനന്തവാടി ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ്-3.5 കിലോ മീറ്റര്‍, കൂട്ടുപുഴ പാലം-ഇരിട്ടി-മട്ടന്നൂര്‍-വായന്തോട് റോഡ് 32 കിലോ മീറ്റര്‍, തളിപ്പറമ്പ്-നണിച്ചേരി പാലം-മയ്യില്‍ ചാലോട് റോഡ്-27.2 കിലോ മീറ്റര്‍, മേലെ ചൊവ്വ-ചാലോട്-വായന്തോട്— എയര്‍പോര്‍ട്ട് റോഡ്-26.30 കിലോ മീറ്റര്‍ നാലുവരിയായി നവീകരിക്കാനും തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇതില്‍ കുറ്റിയാടി-പെരിങ്ങത്തൂര്‍ റോഡിന്റെ സര്‍വേ പ്രവൃത്തി മാത്രമാണ് ആരംഭിച്ചത്. ഇതിന്റെ അവസാനഘട്ടമെന്ന നിലയില്‍ മട്ടന്നൂര്‍ പരിസരത്ത് ഇപ്പോള്‍ സര്‍വേ നടക്കുകയാണ്. 52.2 കിലോമീറ്റര്‍ നീളത്തിലാണ് റോഡ് വികസിപ്പിക്കേണ്ടത്. 30 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുമ്പോള്‍ എത്ര വീടുകളും കെട്ടിടങ്ങളും സ്ഥലവും ഏറ്റെടുക്കേണ്ടി വരുമെന്ന കണക്ക് ശേഖരിക്കാനാണ് സര്‍വേ. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി തന്നെയാണ് റോഡ് വികസനത്തിന് തടസ്സം. നിലവിലെ റോഡുകള്‍ നാലുവരിപ്പാതയാക്കണമെങ്കില്‍ ആയിരക്കണക്കിന് കോടി ചെലവഴിക്കേണ്ടി വരും. വിമാനത്താവളം ഉദ്ഘാടനത്തിന് മുമ്പ് സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയപ്പോള്‍ തന്നെ കഴിഞ്ഞ രണ്ടുദിവസമായിമട്ടന്നൂര്‍ നഗരം വീര്‍പ്പുമുട്ടിയിരിക്കുകയാണ്.

RELATED STORIES

Share it
Top