വിമര്‍ശന സാഹിത്യത്തെ വിമര്‍ശനവിധേയമാക്കി എഴുത്തുകാര്‍

കോഴിക്കോട്: വിമര്‍ശനം വായനയെ സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നുമുള്ള ഉദാഹരണങ്ങള്‍ നിരത്തി എഴുത്തുകാര്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സംവാദത്തിലാണ് വിമര്‍ശന സാഹിത്യം വിമര്‍ശന വിധേയമായത്. പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിനെ ഉയര്‍ത്തിക്കാട്ടിയ വി രാജകൃഷ്ണന്‍ തന്നെ ഈ കൃതി ഒന്നിനും കൊള്ളില്ലെന്നു തുറന്നു പറഞ്ഞ ചരിത്രം ആമുഖമായി പറഞ്ഞ് ജോസ് പനച്ചിപ്പുറമാണ് ചര്‍ച്ച തുടങ്ങിവച്ചത്. സൃഷ്ടിയെ തുടക്കത്തില്‍ അനുകൂലിച്ചവര്‍ തന്നെ പിന്നീട് വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും പെരുമ്പടവത്തിന്റെ ഈ നോവലിന്റെ 102ാം പതിപ്പ് അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കുകയാണ്. ഇതില്‍ നിന്ന് വിമര്‍ശനം വായനയെ സ്വാധീനിക്കുന്നില്ല എന്നാണ് അനുമാനിക്കേണ്ടതെന്നും ജോസ് പനച്ചിപ്പുറം പറഞ്ഞു. വിമര്‍ശനങ്ങളെ വായനക്കാരും എഴുത്തുകാരും എങ്ങിനെ കാണുന്നു എന്നതിനനുസരിച്ചാണ് വിമര്‍ശനങ്ങളുടെ പരിധിയും പിരമിതിയും നിലനില്‍ക്കുന്നതെന്ന് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ വി മുസഫര്‍ അഹമ്മദ് പറഞ്ഞു. സാഹിത്യ വിമര്‍ശനങ്ങളെ കേരളീയ പരിസരത്തില്‍ സവിശേഷമായിതന്നെ സമീപിക്കേണ്ടതുണ്ട്. പൊതുവേ മലയാളിയുടെ വിമര്‍ശനാത്മകത കുറഞ്ഞു കുറഞ്ഞവരികയാണ്. സാഹിത്യമായാലും സിനിമയായാലും വാണിജ്യ വിജയം നേടുന്നവയെ കുറിച്ചുമാത്രം എഴുതുന്ന ഏര്‍പ്പാടായി വിമര്‍ശന സാഹിത്യം ഒതുങ്ങി. സ്വയം വിമര്‍ശനം ഉണ്ടാവുന്ന പരിസരത്ത് മാത്രമേ വിമര്‍ശനത്തിന് പ്രസക്തിയുള്ളൂ എന്നും മുസഫര്‍ അഹമ്മദ് പറഞ്ഞു. ഇതേസമയം വിപണി പരിഗണിച്ചല്ല ഒരു എഴുത്തുകാരന്‍ സര്‍ഗ സൃഷ്ടി നടത്തുന്നതെന്നും അവ സമൂഹം വായിക്കണോ എന്നു തീരുമാനിക്കുന്ന പ്രസാദകരോ എഡിറ്റര്‍മാരോ ആണ് രചനകളുടെ ആദ്യ വിമര്‍ശകരും പ്രമോട്ടര്‍മാരുമെന്നാണ് ഷിബു കിളിത്തട്ടില്‍ അഭിപ്രായപ്പെട്ടത്. ഇത്തരം എഡിറ്റര്‍മാരേയും പ്രസാധകരേയും നിയന്ത്രിക്കുന്നത് വിപണി മൂല്യം തന്നെയാവുന്നിടത്തോളം കാലം വിമര്‍ശനങ്ങളും വിപണിയെ ആശ്രയിച്ചാവുന്നത് സ്വാഭാവികമാണെന്നും ഷിബു പറഞ്ഞു. സാഹിത്യത്തെ ലാവണ്യപരമായും രാഷ്ട്രീയമായും പ്രത്യേകം പ്രത്യേകം സമീപിക്കണമെന്ന വാദത്തോട് യോജിപ്പില്ലെന്നും ലാവണ്യവും രാഷ്ട്രീയവും ഒരുപോലെ ഉള്‍ചേരുന്നതാണ് യഥാര്‍ഥ വിമര്‍ശന സാഹിത്യമെന്നും സജയ് കെ വി പറഞ്ഞു. ഒരു സാഹിത്യത്തെ ലാവണ്യപമരായി സമീപിക്കുന്നവര്‍ അതിന്റെ സൗന്ദര്യത്തെ മാത്രം ഭക്ഷിച്ച് കഴിഞ്ഞുകൂടുന്നവരാണ് എന്നും രാഷ്ട്രീയമായി വായിക്കുന്നവര്‍ സൗന്ദര്യത്തെ പൂര്‍ണമായും വിട്ടുകളയുന്നു എന്നുമുള്ള നിരീക്ഷണങ്ങളെ തള്ളിക്കളയുന്നതായും സജയ് പറഞ്ഞു. ആര്‍ രാജേശ്വരി മോഡറേറ്ററായിരുന്നു.

RELATED STORIES

Share it
Top