വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍

ആലപ്പുഴ: ഓഖി ദുരന്തനിവാരണത്തിലെ ഉദ്യോഗസ്ഥതല വീഴ്ചയെ ശക്്തമായി വിമര്‍ശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇത്രയധികം മനുഷ്യ ജീവനുകള്‍ നഷ്്ടപ്പെടാന്‍ കാരണം ഉദ്യോഗസ്ഥ അലംഭാവമാണെന്നും മല്‍സ്യങ്ങള്‍ ചത്തുപൊങ്ങുന്നതു പോലെയാണ്് തീരങ്ങളില്‍ മൃതദേഹങ്ങള്‍ അടിയുന്നതെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ ജസ്റ്റിസ് പി മോഹന്‍ദാസ് കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനു വില കല്‍പിക്കാത്ത ഉദ്യോഗസ്ഥതലങ്ങളിലെ വീഴ്ചയാണ്് ഇത് തെളിയിക്കുന്നത്്. സര്‍ക്കാരിനെയോ മന്ത്രിമാരെയോ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച ആഗോള മനുഷ്യാവകാശ ദിനാചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പോലിസ് അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. പോലിസ് മാന്വലും ആക്ടും പോലിസ് തന്നെ കാറ്റില്‍ പറത്തുന്നു. ഒരു ചെറിയ ശതമാനം പോലിസുകാര്‍ സേനയ്ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ദിനാചരണം കേരള ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിന് കേരള ജുഡീഷ്യല്‍ അക്കാദമിക്ക് നിര്‍ദേശം നല്‍കുമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കുറവാണെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുകളും രാഷ്ട്രീയമായ ബോധവല്‍ക്കരണവുമാണ്  ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മനുഷ്യാവകാശങ്ങളാണ് പൗരന് ഏറ്റവും പ്രിയപ്പെട്ട അവകാശങ്ങളെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. തനിക്കുള്ള അവകാശം മറ്റുള്ളവര്‍ക്കുമുണ്ടെന്ന് മനസ്സിലാക്കിയാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാം.  മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകള്‍ ശുപാര്‍ശകളാണെന്ന തെറ്റിദ്ധാരണ ഉദ്യോഗസ്ഥര്‍ ഒഴിവാക്കണമെന്ന് സമ്മേളനത്തില്‍ പ്രഭാഷണം നടത്തിയ കമ്മീഷന്‍ മുന്‍ ജുഡീഷ്യല്‍ അംഗം ആര്‍ നടരാജന്‍ പറഞ്ഞു. വി കെ ബാബു പ്രകാശ്,  അംഗം കെ മോഹന്‍കുമാര്‍, പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി  കെ എം ബാലചന്ദ്രന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മോഹന്‍ ദാസ് , എം എച്ച് മുഹമ്മദ് റാഫി, ഡോ. എസ് നടരാജ അയ്യര്‍ സംസാരിച്ചു.

RELATED STORIES

Share it
Top