വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കാംപയിന് ഇന്ന് ബംഗളൂരുവില്‍ തുടക്കം

ബംഗളൂരു: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, നമ്മുടെ സുരക്ഷയ്ക്കായി പൊരുതുക എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് മുതല്‍ 2019 മാര്‍ച്ച് 8 വരെ രാജ്യവ്യാപകമായി കാംപയിന്‍ സംഘടിപ്പിക്കുമെന്നു വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാംപയിന്‍ ഇന്ന് ബംഗളൂരു ജയ്മഹല്‍ പാലാനാ ഭവനില്‍ വൈകീട്ട് നാലുമണി—ക്ക് ഉദ്ഘാടനം ചെയ്യും. സ്ത്രീകളുടെ സാമൂഹിക, വിദ്യാഭ്യാസ ഉന്നമനത്തിനും രാഷ്ട്രീയ ബോധം വളര്‍ത്തുന്നതിനും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്.
സ്ത്രീ സുരക്ഷയ്ക്കായി രാജ്യത്ത് കൂടുതല്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ശാക്തീകരണത്തിനും അവകാശങ്ങള്‍ക്കും സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും സ്ത്രീകള്‍ സ്വയം മുന്നോട്ടു വരേണ്ട സമയമാണിത്.
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനം, പീഡനം, കൊല, സ്ത്രീകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, സാമൂഹിക ബഹിഷ്‌കരണം, മാനസിക പീഡനം, അവരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ വര്‍ധിച്ച കാലമാണ്.
പുരോഗമനാശയക്കാരായ സ്ത്രീകളുടെ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന് സര്‍ക്കാര്‍ നീക്കം നടത്തുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിയമനിര്‍മാണം നടത്തുകയും ചെയ്യുന്നു.
സ്ത്രീകള്‍, ദലിത്, ആദിവാസികള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ അനിയന്ത്രിതമായിട്ടുണ്ട്.
സ്ത്രീകള്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതില്‍ വിവിധ സംസ്ഥാനങ്ങള്‍ ദയനീയമായി പരാജയപ്പെട്ടെന്നാണ് ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്ക് കാണിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഫാറൂഖി, ജനറല്‍ സെക്രട്ടറി ഷാഹിദ തസ്‌നീം, മെഹ്‌റുന്നിസ ബീഗം(രാജസ്ഥാന്‍), സൂഫിയ ഫര്‍വീന്‍ (പശ്ചിമബംഗാള്‍), നജ്മ (തമിഴ്‌നാട്), കെ കെ റൈഹാനത്ത് ടീച്ചര്‍ (കേരളം), ആയിഷ ബാജ്‌പേ (കര്‍ണാടക) തുടങ്ങയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top