വിമത വൈദികര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സിനഡിന് പരാതി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് വിവാദം പരിഹരിച്ചെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പരാമര്‍ശം തള്ളി അതിരൂപതയിലെ വിശ്വാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ആര്‍ച്് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി(എഎംടി) രംഗത്ത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന എഎംടിയുടെ യോഗത്തിനു ശേഷമാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.
ഭൂമി ഇടപാട് വിഷയത്തില്‍ നിയമപോരാട്ടം തുടരും. വിഷയത്തില്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടായിരിക്കുന്ന പരാമര്‍ശം തങ്ങളുടെ പോരാട്ടതിന് ശക്തിപകരുന്നതാണ്. അതിനാല്‍ പോരാട്ടം തുടരും. ഈസ്റ്ററിനു ശേഷം കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്നും എഎംടി നേതാക്കള്‍ പറഞ്ഞു.
അതേസമയം വിഷയത്തില്‍ ക്രൈസ്തവ വിശ്വാസത്തെ ഹനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച വിമത വൈദികരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ദിനാളിനെ അനുകൂലിക്കുന്ന സിറോ മലബാര്‍ കാത്തലിക് അസോസിയേഷന്‍ സിറോ മലബാര്‍ സിനഡിന് പരാതിനല്‍കി. സിറോ മലബാര്‍ സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കിയതും ജാഥ നയിച്ചതും ജനങ്ങളുടെ വിശ്വാസത്തിന് എതിര്‍പ്പ് സൃഷ്ടിച്ചിരിക്കുകയാണ്. വിശ്വാസികളെ വഴിതെറ്റിക്കുന്നവരില്‍ പ്രധാനികളായ ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. അഗസ്റ്റിന്‍ വട്ടോലി, ഫാ. ജോസഫ് പാറേക്കാട്ടില്‍, ഫാ. സാജു കോര, ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍, ഫാ. ബെന്നി മാരാംപറമ്പില്‍ എന്നിവര്‍ക്കെതിരേ ശിക്ഷണ നടപടികള്‍ കൈക്കൊള്ളണമെന്നും എറണാകുളത്ത് ചേര്‍ന്ന സിറോ മലബാര്‍ കാത്തലിക് അസോസിയേഷന്‍ വര്‍ക്കിങ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡ ന്റ് വി വി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെബാസ്റ്റിയന്‍ വടശ്ശേരി, ജോഷി ജോസഫ് മണ്ണൂപ്പറമ്പില്‍, കെന്നഡി കരിമ്പന്‍ കാലായില്‍, ആന്റണി പട്ടശ്ശേരി, തങ്കച്ചന്‍ പൊന്‍മാങ്കന്‍, ലാലി തച്ചില്‍, സിബി വാണിയപ്പുരക്ക ല്‍, സിറിയക് സെബാസ്റ്റ്യന്‍, ജോയി മൂഞ്ഞേലി, കെ ഡി ലൂയിസ് സംസാരിച്ചു.

RELATED STORIES

Share it
Top