വിഭാഗീയത ഇല്ലാതെ സാംസ്‌കാരിക കേരളത്തിനു ചരിത്രമായി സിപിഎം സമ്മേളനം

കെ  സനൂപ്

തൃശൂര്‍: 10 വര്‍ഷത്തോളം നീണ്ടുനിന്ന വിഭാഗീയതയ്ക്കു വിരാമമിട്ട് സാംസ്‌കാരിക കേരളത്തിനു ചരിത്രമെഴുതി 22ാമതു സിപിഎം സംസ്ഥാന സമ്മേളനത്തിനു തൃശൂരില്‍ കൊടിയിറങ്ങി. മാത്രവുമല്ല, ചരിത്രത്തിലാദ്യമായി കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനെതിരേ സമ്മേളനത്തില്‍ ഗൗരവതരമായ രീതിയില്‍ ചര്‍ച്ച നടന്നുവെന്നതും ശ്രദ്ധേയമായി.
ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കിയാണ് ഇത്തവണ സാംസ്‌കാരിക നഗരിയില്‍ സമ്മേളനം നടന്നതെന്നതും എടുത്തുപറയേണ്ട ഒന്നാണ്.
മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ പാരമ്യത്തിലെത്തിയ വിഭാഗീയതയ്ക്ക് അന്ത്യം കുറിച്ചാണ് ഇത്തവണ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം തൃശൂരില്‍ സമാപിച്ചത്. സംസ്ഥാന നേതൃത്വത്തെ തന്നെ ബാധിച്ച വിഭാഗീയതയെ ഘട്ടംഘട്ടമായി നടന്ന സമ്മേളനങ്ങളിലൂടെയും അച്ചടക്ക നടപടികളിലൂടെയും വെട്ടിനിരത്തിയാണു സിപിഎം തൃശൂരിലെ സമ്മേളനത്തിലേക്ക് എത്തിച്ചേര്‍ന്നത്. കലാപമുയര്‍ത്തിയ പലരും പത്തിതാഴ്ത്തി സിപിഎമ്മില്‍ തിരിച്ചെത്തിയപ്പോള്‍ ടി പി ചന്ദ്രശേഖരനെ പോലെ പലരും ദാരൂണമായി കൊല്ലപ്പെട്ടു.
എന്‍ എന്‍ കൃഷ്ണദാസ്, എസ് അജയകുമാര്‍, എം ആര്‍ മുരളി, പി എ ഗോകുല്‍ദാസ് എന്നിവര്‍ ഇത്തരത്തില്‍ തിരിച്ചെത്തിയവരില്‍ പ്രമുഖരാണ്. അതേസമയം തൃശൂരില്‍ നിന്നുള്ള സിപിഎം സംസ്ഥാന സമിതി അംഗമായിരുന്ന ടി ശശിധരന്‍, വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന കെ എം ഷാജഹാന്‍ എന്നിവര്‍ ഇപ്പോഴും തിരിച്ചെത്താതെ നില്‍ക്കുന്നു. സിപിഎം സമ്മേളനത്തില്‍ ആദ്യമായാണു കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.
അക്രമരാഷ്ട്രീയം സിപിഎമ്മിന്റെ മുഖമുദ്രയല്ലെന്നും പ്രതിരോധമാണു സഖാക്കള്‍ നടത്തേണ്ടതെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പറഞ്ഞു.  ശുഹൈബിന്റെ കൊലപാതകത്തിലുള്ള അമര്‍ഷം സമ്മേളന വേദിയില്‍ തന്നെ കോടിയേരിയും പിണറായി വിജയനും പ്രകടിപ്പിച്ചതും ശ്രദ്ധേയമായി.
കണ്ണൂരില്‍ നടക്കുന്ന തുടര്‍ച്ചയായുള്ള കൊലപാതകങ്ങള്‍ സിപിഎമ്മിന്റെ പ്രതിച്ഛായ കുറയ്ക്കുന്നുവെന്നാണു പ്രതിനിധികള്‍ ആരോപണമുന്നയിച്ചത്. പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ കൊലപാതകങ്ങള്‍ നടത്തുന്നതു സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുവെന്നുള്ള വിമര്‍ശനവുമുയര്‍ന്നു. കോട്ടയത്തു നിന്നുള്ള പ്രതിനിധികളാണു കൊലപാതക രാഷ്ട്രീയത്തിനെതിരേ രംഗത്തുവന്നത്. കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരാണു കൂടുതല്‍ ആക്രമണത്തിന് ഇരയാവുന്നതെന്ന് അവര്‍ വാദിച്ചെങ്കിലും അക്രമ രാഷ്ട്രീയത്തിനെതിരാണു നേതൃത്വമെന്നുള്ളതു വ്യക്തമാക്കുന്നതായിരുന്നു ജനറല്‍ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പ്രസ്താവന.

RELATED STORIES

Share it
Top