വിഭാഗീയതയ്ക്ക് ശ്രമിച്ചാല്‍ വിശ്വാസികളെ അണിനിരത്തി നേരിടും: ഉമ്മന്‍ചാണ്ടി

കോഴിക്കോട്/പത്തനംതിട്ട/തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും സിപിഎമ്മും വിഭാഗീയതയ്ക്കു ശ്രമിച്ചാല്‍ ജാതി, മത ഭേദമില്ലാതെ മുഴുവന്‍ വിശ്വാസികളെയും അണിനിരത്തി നേരിടുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസിനും സിപിഎമ്മിനും സ്ത്രീ പ്രവേശനത്തില്‍ ഒരേ നിലപാടാണുള്ളത്. റിവ്യൂ ഹരജിയില്‍ നിന്ന് ദേവസംബോര്‍ഡ് പ്രസിഡന്റിനെ തടഞ്ഞത് മുഖ്യമന്ത്രിയാണ്. വിശ്വാസികളെ വിശ്വാസത്തിലെടുക്കാത്ത സമീപനമാണ് സര്‍ക്കാരിന്റേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനം സര്‍ക്കാര്‍ കൂടുതല്‍ പക്വതയോടെ കൈകാര്യംചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ശബരിമല വിശ്വാസ ആചാര അനുഷ്ഠാന യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ ശബരിമലയെ കലാപഭൂമി ആക്കുവാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്. സുപ്രിംകോടതിയില്‍ നിന്ന് ഇപ്പോഴുണ്ടായിട്ടുള്ള വിധിയുടെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുപ്രിംകോടതി വിധിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കത്തയച്ചു. റിവ്യൂ ഹരജി നല്‍കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഉചിതമായില്ലെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ-സാമൂഹിക-ആധ്യാത്മിക തലത്തില്‍ സമഗ്രമായ ആശയവിനിമയം നടത്തിയതിന് ശേഷം വേണമായിരുന്നു നിലപാടെടുക്കാനെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സുപ്രിംകോടതി വിധിയില്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി പുനപ്പരിശോധനാ ഹരജി നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. പുനപ്പരിശോധനാ ഹരജി നല്‍കാനുള്ള എന്‍എസ്എസിന്റെയും സംയുക്ത ഹരജി നല്‍കാനുള്ള തന്ത്രി കുടുംബത്തിന്റെയും നീക്കങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുമെന്നും മാണി പറഞ്ഞു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ലംഘിക്കുന്നത് അധികാരവും സ്വാധീനവുമുള്ളവരാണെന്ന് ഐക്യ മല അരയ മഹാസഭയും മല അരയ ആത്മീയ പ്രസ്ഥാനമായ അയ്യപ്പ ധര്‍മസംഘവും ഉള്‍പ്പെടുന്ന സംയുക്ത സമിതി ആരോപിച്ചു. വിധിയോട് യോജിക്കുന്നില്ലെന്നും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണുള്ളതെന്നും മല അരയര്‍ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. ബിജെപി വിശ്വാസി സമൂഹത്തോടൊപ്പം ഉണ്ടാവുമെന്നും സര്‍ക്കാര്‍ ശബരിമല വിഷയത്തിലെടുക്കുന്ന നിലപാട് ശബരിമലയെ തകര്‍ക്കാനുള്ള ലക്ഷ്യം വച്ചാണെന്നും അത് സിപിഎമ്മിനെ പതനത്തിലെത്തിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ബിജെപി തൃശൂര്‍ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

RELATED STORIES

Share it
Top