വിഭജനത്തിന്റെ മുറിപ്പാടുകള്‍ ചിത്രീകരിച്ച് രാജ്കാഹിനി

എം മുഹമ്മദ് യാസര്‍

തിരുവനന്തപുരം: ഇന്ത്യാ-പാക്കിസ്ഥാന്‍ വിഭജനകാലത്തെ മുറിപ്പാടുകളെ വ്യത്യസ്ഥമായ ആഖ്യാനശൈലിയിലൂടെ ചിത്രീകരിച്ച ശ്രീജിത് മുഖര്‍ജിയുടെ ബംഗാളി ചിത്രം രാജ്കാഹിനി പ്രേക്ഷകഹൃദയം കീഴടക്കി. വിഭജനത്തിന്റെ വേദനയും നഷ്ടവും ഒരു വേശ്യാഗൃഹത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ചിത്രം പാക്കിസ്ഥാനി എഴുത്തുകാരനായ സാദത്ത് അലി മാണ്‍ടോയുടെ ഖോല്‍ ദോ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. ബംഗാളിനെ രണ്ടായി പകുത്ത് റാഡ്ക്ലിഫ് രേഖ കടന്നുപോവുമ്പോള്‍ ബീഗം ജാനിന്റെ ഉടമസ്ഥതയിലുള്ള വേശ്യഗ്രഹം അതിന് തടസ്സമാവുന്നു. തുടര്‍ന്ന് തങ്ങളുടെ താവളം ഒഴിപ്പിക്കാനുള്ള ഇന്ത്യാ-പാക്ക് ഉദ്യോഗസ്ഥരുടെ ശ്രമങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ ഇവര്‍ മരിച്ചുവീഴുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഭരണകൂടങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കൊലപാതകങ്ങളെയും കലാപങ്ങളെയും ചിത്രം ദൃശ്യവല്‍ക്കരിക്കുന്നു. വിഭജനകാലത്തെ കഥയാണെങ്കിലും വര്‍ത്തമാനകാല സമൂഹത്തിലെ തിന്മകളെയും ചിത്രം വിമര്‍ശനവിധേയമാക്കുന്നു. സ്ത്രീവിമോചനം, പുരുഷമേല്‍ക്കോയ്മ, ജാതി-മത അസഹിഷ്ണുത, അഭയാര്‍ഥി ദുരിതങ്ങള്‍, യാഥാര്‍ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സര്‍ക്കാര്‍ നടപടി എന്നിവയെ എല്ലാം ചിത്രം വിഷയവല്‍ക്കരിക്കുന്നു.
ഇരുരാജ്യങ്ങളായി വിഭജിക്കപ്പെടുമ്പോഴും മാനസികമായി അതിനു സാധിക്കാതെ വരുന്ന പൗരന്മാരുടെ വ്യഥയും ചിത്രം വിമര്‍ശനവിധേയമാക്കുന്നു. അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും ആവുമ്പോഴും ഇരുരാജ്യങ്ങളിലെയും സാധാരണക്കാരന് വികാരവും വിചാരവും ഒന്നാണെന്നതിന്റെ ദൃശ്യഭാഷ്യമാവുകയാണ് രാജ്കാഹിനി. രാജ്യത്തിന് സ്വാതന്ത്രം ലഭിക്കുമ്പോഴും അതിന്റെ ഗുണം ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും പേരില്‍ വര്‍ഗീകരിക്കപ്പെടുന്ന മനുഷ്യര്‍ക്ക് ലഭിക്കുന്നില്ലെന്ന കാഴ്ചപ്പാടാണ് ചിത്രം പകരുന്നത്. സ്വാതന്ത്രം, ഇന്ത്യാ-പാക് വിഭജനം, സ്ത്രീവിമോചനം എന്നിവയെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഈ ബംഗാളി ചിത്രം അവതരിപ്പിക്കുന്നത്. രബീന്ദ്രനാഥ ടാഗോറിന്റെ ഭാരത ഭാഗ്യ ബിധാത എന്ന ബംഗാളി ഗാനത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. ഋതുപര്‍ണ സെന്‍ഗുപ്ത മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഗോവയിലെ ചലച്ചിത്ര മേളയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

RELATED STORIES

Share it
Top