വിപ്ലവകാരികള്‍ പേടിച്ചുവിറയ്ക്കുന്നു!

മധ്യമാര്‍ഗം -  പരമു
വിപ്ലവകാരികള്‍ക്ക് എന്തൊക്കെ ദോഷമുണ്ടെങ്കിലും ഒരു ഗുണമുണ്ട്. പേടി എന്നത് അക്കൂട്ടരുടെ അജണ്ടയില്‍ ഉണ്ടാവില്ല. ചോരച്ചാലുകള്‍ നീന്തിക്കയറി വന്നവരായതുകൊണ്ട് രക്തം കണ്ടാലൊന്നും തലചുറ്റി വീഴില്ല. വിപ്ലവകാരികള്‍ക്ക് ജന്മനാ കിട്ടുന്ന ഒരു സ്വഭാവവിശേഷം അവര്‍ക്ക് പോലിസിനെയും പട്ടാളത്തിനെയും ഒട്ടും ഭയമില്ലെന്നതാണ്. പോലിസ് സ്‌റ്റേഷനുകളും മിലിട്ടറി ക്യാംപുകളുമൊക്കെ വിപ്ലവകാരികള്‍ക്ക് ഉല്ലാസകേന്ദ്രങ്ങളാണ്. ലാത്തിയും തോക്കും കളിപ്പാട്ടങ്ങളും. കൈയാമം പണ്ടേ പൂമാലയാണല്ലോ? ജയിലറയാണെങ്കില്‍ മണിയറയും. തല്ലാനോ കൊല്ലാനോ വെട്ടാനോ വിപ്ലവകാരികള്‍ക്ക് ഒരു പേടിയുമില്ല. വീട്ടില്‍ അച്ഛനമ്മമാരെയോ കുടുംബക്കാരെയോ ഒന്നും പേടിക്കേണ്ടതില്ല. ആകെ പേടിയുള്ളത് പാര്‍ട്ടിയിലെ നേതാക്കളെയും പാര്‍ട്ടി കമ്മിറ്റികളെയും മാത്രമാണ്. മറ്റു പേടികളെയൊക്കെ കവച്ചുവയ്ക്കുന്ന പേടിയാണത്.
വിപ്ലവകാരികള്‍ക്ക് ആരെയും പേടിയില്ലെങ്കിലും പൊതുജനങ്ങള്‍ക്ക് വിപ്ലവകാരികളെ പേടിയാണ്. വെട്ടുകത്തിയും കൊടുവാളുമായി എപ്പോഴാണു വരുക എന്നാണ് പേടി. ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് ബക്കറ്റുമായി പിരിവിനു വരുന്നത് മറ്റൊരു പേടി. ഇതിനൊക്കെ പുറമേ പൊതുജനങ്ങള്‍ക്ക് വിപ്ലവകാരികളെക്കുറിച്ചുതന്നെയാണ് യഥാര്‍ഥ പേടി. ഏതുനിമിഷവും ഇക്കൂട്ടര്‍ വിപ്ലവം നടത്തി രാജ്യം കീഴ്‌മേല്‍ മറിക്കില്ലേ? അതുകൊണ്ട് വിപ്ലവകാരികളായി വേഷം കെട്ടിനടക്കുന്നവരെ സൂക്ഷിക്കേണ്ട കടമ ജനങ്ങള്‍ക്കുണ്ട്. കേരളത്തില്‍ ഇങ്ങനെ വിപ്ലവകാരികള്‍ ജാഥകളും സമരങ്ങളും ഭരണവും ഒത്തുതീര്‍പ്പുകളും ഒക്കെയായി സുഖമായി കഴിഞ്ഞുവരുമ്പോഴാണ് സിബിഐ പേടി പിടികൂടിയത്. വിപ്ലവകാരികള്‍ക്ക് പേടി വരുക എന്നത് വിപ്ലവചരിത്രത്തിലൊന്നും ഇല്ലാത്തതാണ്. പക്ഷേ, പറഞ്ഞിട്ടെന്താണു കാര്യം. കേരളത്തിലെ വിപ്ലവകാരികള്‍ക്ക് സിബിഐ എന്നു കേട്ടാല്‍ ദേഹമാസകലം വിറച്ചുതുള്ളുന്നു.
രാഷ്ട്രീയ എതിരാളികളെ കൊലക്കത്തിക്ക് ഇരയാക്കുക എന്നതാണ് കണ്ണൂരിലെ വിപ്ലവകാരികളുടെ ലക്ഷ്യം. വര്‍ഗശത്രു എന്നത് അവരെ സംബന്ധിച്ചിടത്തോളം തങ്ങളോട് യോജിക്കാത്തവരാണ്. കഴിഞ്ഞ കുറേ കൊല്ലങ്ങളായി ഇത്തരം വര്‍ഗശത്രുക്കളെ കൊന്നൊടുക്കിവരുന്നത് പതിവാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ വിപ്ലവഭരണം വന്നാല്‍ കൊന്നൊടുക്കല്‍ ഉല്‍സവം തന്നെയായി മാറും. വിപ്ലവകാരികള്‍ എന്ന മേല്‍വിലാസം ലഭിക്കാന്‍ അത്യാവശ്യം വേണ്ടത് കൊല്ലുന്നവരോ കൊല്ലിക്കുന്നവരോ ആയിത്തീരണമെന്നതാണത്രേ! കൊന്നാല്‍ പാര്‍ട്ടിഗ്രാമത്തില്‍ സുഖവാസം. പിടിക്കപ്പെട്ടാല്‍ ജയിലില്‍ പരമാനന്ദം! വിപ്ലവകാരി ജയിലിലാവുമ്പോള്‍ വീട്ടുകാര്‍ക്ക് സുഖം. കൃത്യമായി പാര്‍ട്ടി ഫണ്ട് എത്തിച്ചേരും. കൊല നടന്നുകഴിഞ്ഞാല്‍ വിപ്ലവപാര്‍ട്ടിയുടെ അന്വേഷണം ഉടന്‍ നടക്കുന്നു. പാര്‍ട്ടിക്ക് കൊലയില്‍ യാതൊരു പങ്കുമില്ലെന്നു വ്യക്തമായി തെളിയുകയും ചെയ്യും. എതിരാളികളുടെ ഏത് കൊലപാതകത്തിന്റെയും സ്ഥിതി ഇതാണ്. വാടക കൊലയാളികളെയും ഡമ്മി പ്രതികളെയും കൊല്ലിക്കാന്‍ നിര്‍ദേശം നല്‍കുന്ന നേതാക്കളെയും കുറച്ചുകാലമായി ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് വിപ്ലവകാരികള്‍ക്ക് അല്‍പം മനപ്രയാസമുണ്ടാക്കിയിട്ടുണ്ട്.
കണ്ണൂരില്‍ നടന്ന മൂന്നു കൊലപാതകങ്ങള്‍ സിബിഐ അന്വേഷിച്ചപ്പോള്‍ യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെട്ടതിലാണ് വിപ്ലവകാരികള്‍ക്ക് സങ്കടം. പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ രണ്ട് കേസിലും പ്രതിയായി. ഒരു കേസ് ഭീകരപ്രവര്‍ത്തനം എന്നാണ് സിബിഐ വിശേഷിപ്പിച്ചത്. വിധി വരുമ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ജയിലില്‍ സുഖവാസത്തിനു പോവുമെന്നാണു പലരും പറയുന്നത്. കണ്ണൂരില്‍ സമീപകാലത്തു നടന്ന ശുഹൈബ് വധക്കേസില്‍ സിബിഐ വരുന്നതിനെ വിപ്ലവകാരികള്‍ പേടിക്കാനുള്ള കാരണവും ഇതുതന്നെ. കൊല്ലിച്ചവരെ അവര്‍ ജയിലില്‍ അടച്ചെങ്കിലോ? ക്രിമിനല്‍ ഗൂഢാലോചനകള്‍ കണ്ടുപിടിച്ചെങ്കിലോ? സിബിഐ കേന്ദ്രത്തിന്റെ അന്വേഷണ ഏജന്‍സിയാണ്. കേന്ദ്രം ഭരിക്കുന്നത് ബിജെപിയും. കേന്ദ്രത്തിന്റെ കൂട്ടിലടച്ച തത്ത തങ്ങളെ പിടിക്കുമോ എന്നുതന്നെയാണ് വിപ്ലവകാരികളുടെ പേടി. മുഖ്യമന്ത്രി തന്നെ കേന്ദ്ര അന്വേഷണത്തെ തടയാന്‍ പരസ്യമായി രംഗത്തെത്തിയത് തന്റെ അനുയായികളുടെ മുഖം രക്ഷിക്കാനാണ്. വ്യക്തിപരമായി ലാവ്‌ലിന്‍ കുരുക്കില്‍ കുടുങ്ങിയ മുഖ്യമന്ത്രിക്ക് കൂട്ടിലടച്ച തത്തയെക്കുറിച്ച് നല്ലതുപോലെ വിവരവും ഉണ്ട്. കേരളത്തിലെ പോലിസിന്റെ അന്വേഷണത്തില്‍ ബഹു. കോടതികള്‍ക്കും ജനങ്ങള്‍ക്കും വിശ്വാസമില്ലാതായാല്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് തന്നെ വെറുതെയാവും. സിബിഐക്കാരാണെങ്കില്‍ കണ്ണൂരിലെ കൊലപാതക കേസുകള്‍ ഞങ്ങളെ ഏല്‍പിക്കൂ എന്നു പറഞ്ഞു നടക്കുകയുമാണ്. വിപ്ലവകാരികള്‍ പേടിച്ചാലും ഇല്ലെങ്കിലും അവരൊക്കെ ജയിലില്‍ അടയ്ക്കപ്പെട്ടാലും ഇല്ലെങ്കിലും സംസ്ഥാനത്തെ കൊലപാതക പരമ്പരകള്‍ക്ക് അന്ത്യംകുറിക്കാന്‍ സിബിഐക്ക് കഴിയട്ടെ എന്നാണു ജനങ്ങളുടെ ആഗ്രഹം.                             ി

RELATED STORIES

Share it
Top