വിപണിയിലെത്തുന്ന മല്‍സ്യങ്ങളില്‍ 16 ശതമാനത്തിലും മായം

തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയിലെത്തുന്ന മല്‍സ്യങ്ങളില്‍ 16 ശതമാനവും മായം കലര്‍ന്നതാണെന്നു കണ്ടെത്തിയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മല്‍സ്യങ്ങളിലെ മാലിന്യവും മായവും തിരിച്ചറിയുന്നതിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി തയ്യാറാക്കിയ പേപ്പര്‍ സ്ട്രിപ്പ്  പ്രയോജനകരമാണ്. ഇവ സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു.
മല്‍സ്യങ്ങളുടെ രുചി കുറയാന്‍ കാരണം കടലിലെ മാലിന്യമാണ്. ബോട്ടുകളുടെ എന്‍ജിനില്‍ നിന്നുള്ള പുക, കടലിലേക്ക് തുറക്കുന്ന മാലിന്യ പൈപ്പുകള്‍ തുടങ്ങിയവയിലൂടെയാണ് കടല്‍ മലിനമാവുന്നത്. കാലാവസ്ഥാ വ്യതിയാനത്തില്‍ വന്ന മാറ്റം മല്‍സ്യസമ്പത്തിന്റെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. മല്‍സ്യക്കുഞ്ഞുങ്ങളെ വ്യാപകമായി ഇതര സംസ്ഥാനങ്ങളിലേക്കു കടത്തുന്ന സാഹചര്യത്തില്‍ അനധികൃത മല്‍സ്യബന്ധനം തടയുക, മല്‍സ്യസമ്പത്ത് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര ഫിഷറീസ് മന്ത്രിയുടെ സമയം ലഭിച്ചാല്‍ അതിനനുസരിച്ച് കൊച്ചി സിഎംഎഫ്ആര്‍ഐയില്‍ യോഗം ചേരും.
സംസ്ഥാനത്ത് ജനുവരിയി ല്‍ അനധികൃത മല്‍സ്യബന്ധനം നടത്തിയ ബോട്ടുകള്‍ക്ക് 8.63 ലക്ഷം രൂപ പിഴയിട്ടതായി മന്ത്രി അറിയിച്ചു. ഈ ബോട്ടുകള്‍ പിടിച്ചുകൊണ്ടുവന്ന മല്‍സ്യം ലേലം ചെയ്ത ഇനത്തില്‍ 9.15 ലക്ഷം രൂപ ഖജനാവിലേക്ക് അടയ്ക്കുകയും ചെയ്തു. 12 നോട്ടിക്കല്‍ മൈല്‍ മറികടന്നുള്ള മല്‍സ്യബന്ധനം, നിരോധിത വലകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിക്കല്‍, മല്‍സ്യക്കുഞ്ഞുങ്ങളെ പിടിക്കല്‍ എന്നിവയടക്കം ഇതില്‍പ്പെടുന്നുണ്ട്. ചെറുമല്‍സ്യങ്ങളെ പിടിച്ച് ഇതരസംസ്ഥാനങ്ങളിലെ വളം ഫാക്ടറികളിലേക്ക് എത്തിക്കുന്നതിന് വന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു.
ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായത് 91 പേരെയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ദുരന്തത്തില്‍ 52 പേ ര്‍ മരിച്ചു. കാണാതായവര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 52 ഇനം മല്‍സ്യങ്ങളെ മാത്രമേ പിടിക്കാവൂ എന്നാണു നിയമം. എന്നാല്‍, വന്‍ ട്രോളറുകള്‍ ചെറുമല്‍സ്യങ്ങളെ പിടിക്കുന്നുണ്ട്.
ഓഖി ദുരന്തത്തില്‍ അപകടത്തില്‍പ്പെട്ട ബോട്ടുകളിലധികവും 50 മുതല്‍ 70 കിലോമീറ്റര്‍ വരെ ദൂരെ കടലില്‍ പോയവരാണ്. 33 കിലോമീറ്റര്‍ മാത്രമേ കടലില്‍ പോകാവൂ എന്ന നിബന്ധനയുള്ളപ്പോഴാണിത്. നിയമവിരുദ്ധ നടപടികള്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. ചെറുവള്ളങ്ങള്‍ പോലും പരിധി ലംഘിച്ചു പോവുന്നു. കപ്പല്‍ ചാലുകളില്‍ വരെ പോവുന്ന ബോട്ടുകളുണ്ട്. ഇതാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്. ഇതടക്കം പരിഗണിച്ച് സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. ഓഖിക്കു മുമ്പു തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തൊഴിലാളികള്‍ ഉപയോഗിച്ചിരുന്നില്ല എന്നതാണു വസ്തുത.

RELATED STORIES

Share it
Top