വിന്‍ഡീസിനെ വീഴ്ത്തി അഫ്ഗാനിസ്താന്‍; മുഹമ്മദ് നബിക്ക് റെക്കോഡ്ഹരാരെ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ റൗണ്ട് സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ കരുത്തരായ വിന്‍ഡീസിനെ മുട്ടുകുത്തിച്ച് അഫ്ഗാനിസ്താന്‍. മൂന്ന് വിക്കറ്റിനാണ് കരീബിയന്‍ കരുത്തിനെ അഫ്ഗാന്‍ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 50 ഓവറില്‍ എട്ട് വിക്കറ്റിന് 197 എന്ന സ്‌കോറിലേക്ക് എറിഞ്ഞൊതുക്കിയ അഫ്ഗാന്‍ മറുപടി ബാറ്റിങില്‍ 47.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി വിജയം പിടിക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ റഹ്മത്ത് ഷായുടെ (68) ബാറ്റിങാണ് അഫ്ഗാനിസ്താന് കരുത്തായത്. തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസ് തുടക്കം. ഓപ്പണര്‍ ക്രിസ് ഗെയിലിനെ (1) പുറത്താക്കി മുജീബാണ് വിക്കറ്റുവേട്ടയ്ക്ക് തുടക്കം കുറിച്ചത്. 43 റണ്‍സെടുത്ത ഷായ് ഹോപും 36 റണ്‍സെടുത്ത മാര്‍ലോണ്‍ സാമുവല്‍സും ടീമിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടമായത് വിന്‍ഡീസിന് തിരിച്ചടിയായി. അഫ്ഗാനിസ്താന് വേണ്ടി മുജീബ് റഹ്മാന്‍ മൂന്നും മുഹമ്മദ് നബി രണ്ടും ഷറഫുദ്ദീന്‍ അഷ്‌റഫ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും അക്കൗണ്ടിലാക്കി.മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാനിസ്താന് വേണ്ടി മുഹമ്മദ് നബി (31), സമീ ഉല്‍ഹഖ് ഷെന്‍വാരി (27) എന്നിവരും തിളങ്ങി. റാഷിദ് ഖാന്‍ (13*), ഷറഫുദ്ദീന്‍ അഷറഫ് (7) എന്നിവര്‍ പുറത്താവാതെ നിന്നു.വിന്‍ഡീസിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ മൂന്നും കീമോ പോള്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ഈ മല്‍സരത്തിലൂടെ ഏകദിനത്തില്‍ 100 വിക്കറ്റുകള്‍ അക്കൗണ്ടിലാക്കി അഫ്ഗാനിസ്താന്‍ താരം മുഹമ്മദ് നബി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അഫ്ഗാനിസ്താന്‍ ബൗളറാണ് മുഹമ്മദ് നബി. 92 വിക്കറ്റുകള്‍ വീഴ്ത്തിയ ദൗലത്ത് സദ്‌റാനാണ് ഇക്കാര്യത്തില്‍ നബിക്ക് പിന്നിലുള്ളത്. 41 മല്‍സരങ്ങളില്‍ നിന്ന് 91 വിക്കറ്റുകളുമായി റാഷിദ് ഖാന്‍ അഫ്ഗാന്‍ നിരയില്‍ മൂന്നാമതാണ്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന താരമെന്ന റെക്കോഡിലേക്കൊന്‍ റാഷിദ് ഖാന് ഇനി അടുത്ത 10 മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ മതി. ഈ റെക്കോഡില്‍ 52 മല്‍സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് നേടിയ ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കാണ് തലപ്പത്ത്.

RELATED STORIES

Share it
Top