വിന്നി മണ്ടേലയ്ക്ക് വിട നല്‍കി

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരേ പോരാടിയ രാഷ്ട്രീയപ്രവര്‍ത്തക വിന്നി മഡികിസേല മണ്ഡേലയുടെ സംസ്‌കാരച്ചടങ്ങില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ജൊഹാനസ്ബര്‍ഗിലെ സോവറ്റോ സ്‌റ്റേഡിയത്തില്‍ വിന്നി മണ്ഡേലയെ അവസാനമായി കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്.
വിന്നി മണ്ഡേലയുടെ മൃതദേഹം വഹിച്ച പേടകത്തിനു മുകളില്‍ ദേശീയപതാക പുതപ്പിച്ചിരുന്നു. പൗത്രി സ്വാതി ലാമിനി മണ്ഡേല അന്തിമപ്രസംഗം നടത്തി. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റംഫോസയും വിവിധ രാഷ്ട്രപ്രതിനിധികളും ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ നേതാക്കളും അന്തിമചടങ്ങില്‍ എത്തിയിരുന്നു. വിന്നി മണ്ഡേലയുടെ വീടിനു മുമ്പിലെ അനുശോചന പുസ്തകത്തില്‍ ആയിരങ്ങളാണ് കൈയൊപ്പു ചാര്‍ത്തിയത്.
ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ മുന്‍പത്‌നിയായ വിന്നി മണ്ടേല ഏപ്രില്‍ ആദ്യവാരമാണ് മരിച്ചത്. 81 വയസ്സായിരുന്നു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം നിന്ന വ്യക്തിയാണ് വിന്നി. 1994ല്‍ ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായ വിന്നിയെ അവരുടെ അനുയായികള്‍ ദക്ഷിണാഫ്രിക്കയുടെ പുതിയ രാഷ്ട്രമാതാവ് എന്നാണു വിശേഷിപ്പിക്കുന്നത്. തീപ്പൊരി പ്രസംഗങ്ങളും അനുതാപമുള്ള പെരുമാറ്റവും അവരെ ജനങ്ങളുടെ പ്രിയപ്പെട്ടവളാക്കി.
ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എഎന്‍സി) പ്രവര്‍ത്തകയായിരിക്കവേയാണ് വിന്നി നെല്‍സണ്‍ മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958ലായിരുന്നു ഇരുവരുടെയും വിവാഹം.

RELATED STORIES

Share it
Top