വിന്ധ്യനിപ്പുറത്തേക്ക് ബിജെപി ഭരണം അനുവദിക്കില്ല : കോടിയേരികണ്ണൂര്‍: വിന്ധ്യപര്‍വതത്തിന് ഇപ്പുറത്തേക്ക് ആര്‍എസ്എസ് ഭരണം അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രഭരണ സ്വാധീനവും പണവും ഉപയോഗിച്ചാണ് ബിജെപി ത്രിപുരയില്‍ ഭരണം പിടിച്ചെടുത്തതെന്നും അവരുടെ വിജയം താല്‍ക്കാലികം മാത്രമാണെന്നും കോടിയേരി  പറഞ്ഞു. കണ്ണൂരില്‍ പാമ്പന്‍ മാധവന്‍ അനുസ്മരണ സമ്മേളനത്തില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളമാണ് അടുത്ത ലക്ഷ്യമെന്നാണ് ആര്‍എസ്എസിന്റെ വാദം. സിപിഎമ്മിനെ ഇല്ലാതാക്കുമെന്ന് അവര്‍ കാലങ്ങളായി പറഞ്ഞുനടക്കുന്നു. അതിന്റെ ഭാഗമാണ് ഈ ഗീര്‍വാണവും. വിന്ധ്യപര്‍വതത്തിന് ഇപ്പുറത്തേക്ക് ആര്‍എസ്എസ് ഭരണം അനുവദിക്കില്ല. ത്രിപുരയില്‍ തോറ്റതോടെ സിപിഎമ്മിന്റെ പ്രസക്തി എന്തെന്ന ചോദ്യമാണു പലരും ഉയര്‍ത്തുന്നത്. ഒരു പരാജയത്തിന്റെ പേരില്‍ എഴുതിത്തള്ളാവുന്നതല്ല ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. 1988ലും ത്രിപുരയില്‍ സിപിഎം പരാജയപ്പെട്ടിട്ടുണ്ട്. 2011ല്‍ ബംഗാളിലും കേരളത്തിലും തോറ്റു. അന്ന് ത്രിപുര മാത്രമാണ് ഉണ്ടായിരുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമല്ല സിപിഎം.
കുത്തക മുതലാളിമാരുടെ ഫണ്ട് ബിജെപി ഓഫിസിലേക്ക് ഒഴുകുകയാണ്. ഇതുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് വിലയ്ക്കു വാങ്ങുന്നത്. കോര്‍പറേറ്റ് ഫണ്ട് ഉപയോഗിച്ച് ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റുകയാണ് ബിജെപി. അതാണ് ത്രിപുരയിലും കണ്ടത്. രാഷ്ട്രീയം സംശുദ്ധമാവണമെങ്കില്‍ കോര്‍പറേറ്റ് ഫണ്ടിങ് നിരോധിക്കണം. കോണ്‍ഗ്രസ് ഉണ്ടെങ്കിലേ കോണ്‍ഗ്രസുമായി ചേരാന്‍ കഴിയൂ. ഇല്ലാത്ത കോണ്‍ഗ്രസിനെ എങ്ങനെ കൂടെ കൂട്ടും. നയപരമായി യോജിപ്പുള്ള കക്ഷികളുമായി മാത്രമേ തിരഞ്ഞെടുപ്പില്‍ കൂട്ടുകെട്ടുണ്ടാക്കാനാവൂ. രണ്ടു നയസമീപനമുള്ള പാര്‍ട്ടികള്‍ തമ്മില്‍ മുന്നണി ഉണ്ടാക്കാനാവില്ല.
ബിജെപിക്കെതിരേ പോരാടാന്‍ ആശയപരമായി യോജിപ്പുള്ള കക്ഷികളുടെ രാഷ്ട്രീയബദലാണ് വേണ്ടത്. എന്നാല്‍ ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ വിപത്തിനെതിരേ എല്ലാവരുമായും ഒന്നിച്ചുനിന്നു പോരാടാന്‍ തയ്യാറാണ്. യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയ കാലത്തും ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. ഉദാരവല്‍ക്കരണ സാമ്പത്തികനയവും സാമ്രാജ്യത്വ അനുകൂല നിലപാടും തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ. കോണ്‍ഗ്രസ് ആദ്യം കോണ്‍ഗ്രസ് ആകാന്‍ തയ്യാറാവണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top