വിനോദസഞ്ചാരികളെ കാത്ത് തോട്ടാപ്പുര ഗ്രാമം

അടിമാലി: തോട്ടാപ്പുര ഗ്രാമത്തിനും പറയാനുണ്ട് പേരുമായി ബന്ധപ്പെട്ട കഥ. കല്ലാര്‍കുട്ടി ജലാശയത്തോട് ചേര്‍ന്ന് നൂറിലധികം കുടുംബങ്ങള്‍ അധിവസിക്കുന്ന ഗ്രാമമാണ് തോട്ടാപ്പുര. പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണം ആരംഭിച്ച കാലഘട്ടം. അക്കാലത്ത് പാറപൊട്ടിക്കുന്നതിനു വെടിക്കോപ്പുകള്‍ സൂക്ഷിക്കാനായി ആധുനിക സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. തോട്ട ഉള്‍പ്പടെയുള്ള വെടിക്കോപ്പുകള്‍ സൂക്ഷിക്കാന്‍ പറ്റിയ ഇടം ഭൂമിക്ക് അടിയില്‍ ഒളിപ്പിക്കുക എന്നുള്ളതായിരുന്നു. ആ അന്വേഷണത്തിലാണ് ഉറച്ച പാറക്കെട്ടുകള്‍ ഉള്ളതും ഇപ്പോള്‍ കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുരങ്കം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഏകദേശം 400 മീറ്ററോളം പാറ തുരന്ന് തുരങ്കമുണ്ടാക്കിയാണ് തോട്ടകള്‍ സൂക്ഷിച്ചത്. 100 മീറ്ററോളം തുരങ്കത്തിലൂടെ അകത്ത് കടക്കണം. ഇവിടെ രണ്ട് ഭാഗത്തായി ഏകദേശം 50 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിശാലമായ രണ്ട് മുറികള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിനകത്ത് പ്രത്യേക സംവിധാനം ഒരുക്കിയാണ് തോട്ട സൂക്ഷിച്ചിരുന്നത്. അക്കാലത്ത് നിര്‍മാണം ആരംഭിച്ച പള്ളിവാസല്‍, ചെങ്കുളം, പൊന്‍മുടി, കല്ലാര്‍കുട്ടി തുടങ്ങിയ പദ്ധതികളുടെ നിര്‍മാണത്തിന് ആവശ്യമായ വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. പില്‍ക്കാലത്ത് ഈ നാട് തോട്ടാപ്പുര എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്നാണ് പഴമക്കാര്‍ പറയുന്നത്. കല്ലാര്‍കുട്ടി ജങ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് തോട്ടാപ്പുര. പില്‍ക്കാലത്ത് ആരും ഇവിടം സംരക്ഷിക്കാതായതോടെ അനാഥമായി. ഇവിടം സംരക്ഷിച്ച് പദ്ധതികള്‍ തയ്യാറാക്കിയാല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. വിനോദ സഞ്ചാരികളെ കാത്ത് വിസ്മയക്കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ് തോട്ടാപ്പുര ഗ്രാമം.

RELATED STORIES

Share it
Top