വിനോദയാത്രാ സംഘം വയനാട്ടില്‍ അപകടത്തില്‍പ്പെട്ടു; രണ്ടു മരണം

നീലേശ്വരം: കോട്ടപ്പുറത്ത് നിന്നു വിനോദയാത്രയ്ക്കു പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് നാലു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ ഉജാലപ്പടിക്ക് സമീപം ഇന്നലെ രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്. നീലേശ്വരം കോട്ടപ്പുറം സ്വദേശികളായ നബീര്‍ (32), അമാന്‍ (നാല്) എന്നിവരാണ് മരിച്ചത്.
കോട്ടപ്പുറം സ്വദേശികളായ, പ്രവാസികളുടെ അഞ്ചു കുടുംബങ്ങള്‍ നാലു വാഹനങ്ങളില്‍ വ്യാഴാഴ്ചയാണ് വിനോദയാത്ര പുറപ്പെട്ടത്. സംഘത്തിലെ ഒരു വാഹനം അപകടത്തില്‍പ്പെട്ടു. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് കൊളഗപ്പാറ ഉജാലപ്പടിക്ക് സമീപത്തുവച്ചു വിനോദയാത്രാ സംഘത്തിലെ രണ്ടു കുടുംബങ്ങള്‍ സഞ്ചരിച്ച കാറിലേക്ക് കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷനല്‍ പെര്‍മിറ്റ് ലോറി ഇടിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന കോട്ടപ്പുറം ബാഫഖി സൗധത്തിനടുത്ത് എല്‍ ബി മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകനായ ഷബീറിന്റെ മകന്‍ നാലു വയസ്സുകാരനായ അമാന്‍, കോട്ടപ്പുറം ഉച്ചുളിക്കുതിരിലെ കുഞ്ഞാമദിന്റെ മകന്‍ നബീര്‍ (32) എന്നിവര്‍ മരിച്ചു. അമാന്‍ സംഭവസ്ഥലത്ത് വച്ചും നബീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
മരിച്ച നാലുവയസ്സുകാരന്‍ അമാന്റെ പിതാവ് ഷബീര്‍, മാ താവ് കാഞ്ഞങ്ങാട്ടെ മീനാപ്പീസ് കടപ്പുറത്തെ മണ്ഢ്യന്‍ അബ്ദുര്‍റഹ്മാന്റെ മകള്‍ ഷംസീറ, കോട്ടപ്പുറം സ്വദേശി അഷ്‌റഫ്, ഭാര്യ കാഞ്ഞങ്ങാട് കല്ലുരാവിയിലെ സുമയ്യ എന്നിവര്‍ പരിക്കേറ്റ നിലയില്‍ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇവരില്‍ ഷബീറിന്റെ പരിക്ക് സാരമുള്ളതാണ്. കുവൈത്തി ല്‍ വ്യാപാര സ്ഥാപനങ്ങളുള്ള ഷബീര്‍ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കോട്ടപ്പുറം ഉച്ചുളിക്കുതിര് കുഞ്ഞാമുവിന്റെയും നഫീസത്തിന്റെയും മകനാണ് മരിച്ച നബീര്‍. റംസീനയാണ് ഭാര്യ. കുവൈത്തിലായിരുന്ന നബീര്‍ രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്.

RELATED STORIES

Share it
Top