വിധി പ്രഖ്യാപിക്കുമ്പോഴും ഭാവമാറ്റമില്ലാതെ പ്രതി വിജയകുമാര്‍

വിദ്യാനഗര്‍: ഫഹദ് വധക്കേസ് വിധി ജഡ്ജ് വായിച്ചുകേള്‍പ്പിക്കുമ്പോള്‍ ഭാവവ്യത്യാസില്ലാതെ പ്രതി. ഇന്നലെ രാവിലെ കോടതി ആരംഭിച്ച ഉടന്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ താന്‍ മാനസിക രോഗിയാണെന്നും ഇതിന് ചികില്‍സ നടത്തിവരികയാണെന്നും ചികില്‍സ പൂര്‍ത്തിയാകുന്നത് വരെ വിധി മാറ്റിവെക്കണമെന്നും പ്രതി കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ലെന്നും പ്രതിക്ക് വേണമെങ്കില്‍ മേല്‍കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് കേസ് ഉച്ചയ്ക്ക് 2.30ലേക്ക് മാറ്റിവച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും ഇയാള്‍ സമൂഹത്തിന് ഭീഷണിയാണെന്നും അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ കോടതിയില്‍ വാദിച്ചു. മാനസിക രോഗിയാണെന്ന പ്രതിയുടെ വാദം അഭിനയമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഉച്ചയ്ക്ക് 2.30ന് കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ ആദ്യം പരിഗണിച്ചത് ഈ കേസായിരുന്നു. ജഡ്ജ് വിധി പ്രസ്താവിക്കുമ്പോള്‍ യാതൊരു കൂസലുമില്ലാതെയാണ് പ്രതി കോടതിയില്‍ നിന്നത്. പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് താന്‍ മാനസിക രോഗിയാണെന്ന് ഇയാള്‍ ആവര്‍ത്തിച്ചു.

RELATED STORIES

Share it
Top