വിധി നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് നാണക്കേട്: ജ. സുജാത മനോഹര്‍

ന്യൂഡല്‍ഹി: സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ പോവണമെന്നും വിധി സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമായി നടപ്പാക്കണമെന്നും റിട്ട. സുപ്രിംകോടതി ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ സുജാത വി മനോഹര്‍. സുപ്രിംകോടതി പുറപ്പെടുവിച്ചത് ശരിയായ വിധിയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. എന്താണ് യാഥാര്‍ഥത്തില്‍ കേരളത്തില്‍ സംഭവിക്കുന്നതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.
വിദ്യാസമ്പന്നരുടെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ഭൂരിപക്ഷ ജനങ്ങളും പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുണ്ടോയെന്നും എന്താണ് ജനങ്ങള്‍ യഥാര്‍ഥത്തില്‍ ചിന്തിക്കുന്നതെന്നും തനിക്കറിയില്ല. പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണോ അതോ യഥാര്‍ഥമാണോ. ഒരു കൂട്ടം ആളുകള്‍ സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തെ തടയുകയാണെങ്കില്‍ സര്‍ക്കാര്‍ അത് അവസാനിപ്പിക്കണം. പ്രവേശനം നിഷേധിക്കപ്പെട്ട സ്ത്രീകള്‍ സുപ്രിംകോടതിയെ സമീപിച്ചാല്‍ സംസ്ഥാനം ഉത്തരം പറയേണ്ടിവരും. ഒരു ചെറിയ തീരുമാനം നടപ്പാക്കാനായില്ലെങ്കില്‍ സുപ്രിംകോടതിക്കല്ല, സംസ്ഥാനത്തിനാണ് നാണക്കേടെന്നും ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരേ തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി 1997ല്‍ വൈശാഖ കേസില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് സുജാത. ജസ്റ്റിസ് എം ഫാത്തിമ ബീവിക്ക് ശേഷം സുപ്രിംകോടതി ജഡ്ജിയായ രണ്ടാമത്തെ വനിതയാണ്. 1994ല്‍ സുപ്രിംകോടതി ജഡ്ജിയായ ഇവര്‍ 1999ലാണ് വിരമിച്ചത്.

RELATED STORIES

Share it
Top