വിധി ചരിത്രപരമെന്ന് ദേവസ്വം മന്ത്രി

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രിംകോടതിയുടെ വിധി ചരിത്രപരമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് വിവിധ തലങ്ങളില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോള്‍ സുപ്രിംകോടതിയില്‍ നിന്ന് വിധിയുണ്ടായിരിക്കുന്നത്. ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് ചോദ്യത്തിന് മറുപടിയായി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭി്രപ്രായപ്പെട്ടു.
സുപ്രിംകോടതിയുടെ വിധി നിയമപരവും ഭരണഘടനാപരവുമായ പശ്ചാത്തലത്തിലാണ്. ഈ സാഹചര്യത്തില്‍ നിയമവും ആചാരങ്ങളും സമന്വയിപ്പിച്ചുകൊണ്ട് പോവാന്‍ സാധിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിധി ഇന്ത്യക്ക് ഒരു ഭരണഘടന ഉണ്ടെന്ന് തെളിയിച്ചതായി മന്ത്രി ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. സുപ്രിംകോടതി വിധി നിലവിലെ സാമൂഹിക-സാംസ്‌കാരിക സാഹചര്യങ്ങള്‍ക്ക് ഗുണകരമാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു. മതങ്ങളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കോടതി വ്യാഖ്യാനിക്കാനിറങ്ങിയാല്‍ അമ്പലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുമെന്നും സുധാകരന്‍ പറഞ്ഞു.
വിധിയെ സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. വനിതാ ശിശു വികസന വകുപ്പ് മന്ത്രിയെന്ന നിലയിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പേരാടുന്ന വനിത എന്ന നിലയിലും വളരെയധികം സന്തോഷം നല്‍കുന്നതാണ് ഈ വിധിയെന്നും മന്ത്രി പറഞ്ഞു.
സുപ്രിംകോടതി വിധി അംഗീകരിക്കാതെ മറ്റു നിര്‍വാഹമില്ലെന്നു കേരളാ കോണ്‍ഗ്രസ്- ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ആ വിധി കൊണ്ടുമാത്രം സ്ത്രീകള്‍ കൂട്ടമായി ശബരിമലയിലേക്കെത്തുമെന്ന് കരുതുന്നില്ലെന്നും ബാലകൃഷ്ണപിള്ള പ്രതികരിച്ചു. വിധിയോട് പ്രതികരിക്കാനില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇനി എന്തു വേണമെന്നുള്ളത് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരേ ഏതെങ്കിലും ഹിന്ദു സംഘടനകള്‍ രംഗത്തുവന്നാല്‍ അവര്‍ക്ക് പൂര്‍ണ സഹായം നല്‍കുമെന്നു പി സി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി. സുപ്രിംകോടതിയുടെ നിര്‍ണായക വിധിയുടെ പശ്ചാത്തലത്തില്‍ പരിപാവനമായ ശബരിമല സന്നിധാനമോ ഇതര ക്ഷേത്രങ്ങളോ സംഘര്‍ഷ കേന്ദ്രങ്ങളാക്കി മാറ്റാന്‍ അനുവദിക്കരുതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
വിധി നിര്‍ഭാഗ്യകരമായി പോയെന്ന് കെപിസിസി വര്‍ക്കിങ്് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി അഭിപ്രായപ്പെട്ടു. സുപ്രിംകോടതി വിധി ആര്‍എസ്എസ് മാനിക്കുന്നുവെന്ന് പ്രാന്തകാര്യവാഹക് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

RELATED STORIES

Share it
Top