വിധി അനുകൂലമായാല്‍ ബാബരി മസ്ജിദ് നിര്‍മിക്കുമെന്നു ഭീം സേന

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നില്‍ക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ കേസില്‍ മുസ്്‌ലിംകള്‍ക്ക് അനുകൂലമായി കോടതിവിധിയുണ്ടാവുകയാണെങ്കില്‍ അവിടെ തങ്ങള്‍ ബാബരി മസ്ജിദ് നിര്‍മിച്ചു നല്‍കുമെന്നു ഭീം സേന ദേശീയ പ്രസിഡന്റ് രാജേന്ദ്ര മാന്‍ പറഞ്ഞു. കാണ്‍പൂരില്‍ ദലിത് മുസ്‌ലിം യൂനിറ്റി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരേ അക്രമങ്ങളും അനീതിയും വര്‍ധിക്കുന്നതു സാമൂഹിക സമഗ്രതയ്ക്ക് എതിരാണ്. രാജ്യത്ത മുസ്്‌ലിംകളും ദലിതുകളും ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ഹിന്ദു സാഹിത്യോല്‍സവത്തില്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുമായി ഇന്ത്യ പ്രശ്‌നങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ സംഭാഷണം നടത്തുകയായിരുന്നു തരൂര്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ അടിസ്ഥാന പ്രകൃതി. ഇതിനെ അവഗണിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വരുംദിവസങ്ങളില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി വര്‍ഗീയ അസ്വസ്ഥതകളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും തരൂര്‍ പറഞ്ഞു. വര്‍ഗീയ കലാപങ്ങളുണ്ടാവുമെന്നാണ് ഞാന്‍ ഭയപ്പെടുന്നത്. രാമന്റെ ജന്മസ്ഥലം അയോധ്യയാണെന്നു വലിയൊരു വിഭാഗം ഹിന്ദുക്കളും വിശ്വസിക്കുന്നുണ്ടെങ്കിലും മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയം പൊളിച്ചുമാറ്റിയ സ്ഥലത്തു രാമക്ഷേത്രമുണ്ടായിക്കാണാന്‍ നല്ലൊരു ഹിന്ദുവും ആഗ്രഹിക്കുന്നില്ല- തരൂര്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ പല സ്ഥാനങ്ങളിലേക്കും നടത്തിയ നിയമനങ്ങളില്‍ നിയമിക്കപ്പെട്ടവര്‍ക്കുള്ള യോഗ്യത ആര്‍എസ്എസിനോടോ, മറ്റു പലതിനോടോ ഉള്ള വിധേയത്വം മാത്രമാണ്. അവരില്‍ പലര്‍ക്കും അതതു സ്ഥാനങ്ങളിലിരിക്കാനുള്ള അക്കാദമിക് യോഗ്യതയുണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്. വിദ്യാര്‍ഥികള്‍ക്ക് രാജ്യസ്‌നേഹമുണ്ടാക്കാന്‍ കാംപസില്‍ യുദ്ധടാങ്ക് സ്ഥാപിക്കണമെന്നു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വൈസ് ചാന്‍സ്്‌ലര്‍ പറയുന്നതില്‍ കൂടുതല്‍ അമ്പരപ്പിക്കുന്ന മറ്റൊന്നില്ല. യുജിസി ശമ്പളം വാങ്ങുന്നവര്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതാന്‍ പാടില്ലെന്ന ഉത്തരവ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനും ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുമുള്ള ശ്രമമാണ്.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തങ്ങള്‍ക്ക് പറ്റിയ തെറ്റുകള്‍ സമ്മതിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. അടിയന്തരാവസ്ഥയേര്‍പ്പെടുത്തിയതു തെറ്റുകളിലൊന്നായിരുന്നു. ശശി തരൂര്‍ പറഞ്ഞു.

RELATED STORIES

Share it
Top