വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് ഹരജിക്കാര്‍

ന്യൂഡല്‍ഹി: അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് സംബന്ധിച്ച സുപ്രിംകോടതി വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് കേസിലെ ഹരജിക്കാരായ മനുഷ്യാവകാശപ്രവര്‍ത്തകര്‍. അറസ്റ്റ് റദ്ദാക്കണമെന്ന് തങ്ങള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും നിഷ്പക്ഷ അന്വേഷണം മാത്രമാണ് ആവശ്യപ്പെട്ടതെന്നും റൊമീലാ ഥാപ്പര്‍, പ്രഭാത് പട്‌നായിക്, വൃന്ദാ ഗ്രോവര്‍, സതീഷ് ദേശ്പാണ്ഡെ, ദേവകി ജെയ്ന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിധിയില്‍ കോടതി അറസ്റ്റിലായവരുടെ സുരക്ഷ ഉറപ്പാക്കുകയും അവരുടെ വീട്ടുതടങ്കല്‍ നാലാഴ്ച കൂടി നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ കഴിയുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധിയുടെ അതേ നിലപാടായിരുന്നു തങ്ങള്‍ക്കും ഈ കേസിലുണ്ടായിരുന്നത്. ചന്ദ്രചൂഡിന്റെ വിയോജിച്ചുള്ള വിധി സുപ്രധാനമാണ്. മാധ്യമവിചാരണയിലൂടെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രവൃത്തി സ്വാതന്ത്ര്യം തടയുകയും സല്‍പ്പേര് തകര്‍ക്കുകയും ചെയ്യുന്ന നടപടികളിലേക്ക് പോവരുതെന്നതായിരുന്നു തങ്ങളുടെ നിലപാട്. അത്തരമൊരു സാഹചര്യത്തില്‍ പോലിസ് നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന കാര്യത്തില്‍ സംശയമുണ്ട്.
അറസ്റ്റിലായവരുടെ സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കണമെന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. അത് സുപ്രിംകോടതി അംഗീകരിച്ചിട്ടുണ്ട്. മനുഷ്യാവകാശപ്രവര്‍ത്തകര്‍ നിരപരാധികളാണെന്നാണ് തങ്ങളുടെ വ്യക്തിപരമായ അഭിപ്രായം. അത് അന്വേഷണത്തെ എതിര്‍ക്കാന്‍ കാരണമല്ല. അന്വേഷണം നടക്കട്ടെ. അത് നിഷ്പക്ഷമായിരിക്കണമെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു.

RELATED STORIES

Share it
Top