വിധിനിര്‍ണയം കുറ്റമറ്റതാവും: ഡിപിഐ

കെ പി ഒ  റഹ്മത്തുല്ല
തൃശൂര്‍: പതിവില്‍ നിന്നു വിപരീതമായി ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ വിധിനിര്‍ണയം കുറ്റമറ്റതാവുമെന്നു വിദ്യാഭ്യാസ വകുപ്പ്. അതിനുള്ള എല്ലാ നടപടിക ളും സ്വീകരിച്ചതായി ഡിപിഐ കെ മോഹന്‍കുമാര്‍ തേജസിനോടു പറഞ്ഞു.
232 ഇനങ്ങളിലായി 10000ത്തിലധികം വിദ്യാര്‍ഥികളാണു തൃശൂരില്‍ മല്‍സരിക്കുന്നത്. വിധികര്‍ത്താക്കള്‍ നിഷ്പക്ഷമായി മാര്‍ക്കിടുമെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിധികര്‍ത്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. അതിനു പുറമെ എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കി. എല്ലാ വേദികളിലും വിധികര്‍ത്താക്കളെ നിരീക്ഷിക്കാന്‍ നിഴല്‍ പോലിസുണ്ടാവും. വിധികര്‍ത്താക്കള്‍ തൃശൂരില്‍ എത്തുന്നതു മുതല്‍ വിധി നിര്‍ണയിച്ചു പുറത്തുപോവുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും വിജിലന്‍സ് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിക്കുന്നുണ്ട്. വേദികള്‍ക്കു പുറത്തു പലപ്പോഴും മല്‍സരങ്ങള്‍ കൊഴുക്കുന്നതു കലോല്‍സവത്തിലെ ഗ്രേഡുകള്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്കുകളാണ്. ഇത് ഒഴിവാക്കുന്നതിനെക്കുറിച്ചു വിദ്യാഭ്യാസ വകുപ്പ് ആലോചന ആരംഭിച്ചിട്ടുണ്ട്.
ഗ്രേസ് മാര്‍ക്കിന് പകരം നന്നായി ശോഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനെക്കുറിച്ചാണ് ആലോചനകള്‍ നടക്കുന്നത്. അതിലൂടെ എ ഗ്രേഡുകള്‍ നിയന്ത്രിക്കാനും സാധിക്കുമെന്നു വകുപ്പ് കണക്കുകൂട്ടുന്നു.

RELATED STORIES

Share it
Top