വിധവയായ വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി

കാഞ്ഞിരപ്പള്ളി: മിനിസിവില്‍ സ്റ്റേഷന്‍ പരിസരത്ത് അപേക്ഷ പൂരിപ്പിച്ചു നല്‍കാന്‍ ഇരിക്കുന്നയാള്‍ വിധവയായ വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. വിഴിക്കത്തോട് പഴുക്കാപ്പറമ്പില്‍ ലക്ഷ്മിയാണ് തട്ടിപ്പിനിരയായത്. തന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനു താലൂക്ക് സര്‍വേയുടെ ഓഫിസില്‍ അപേക്ഷ നല്‍കാനാണു ലക്ഷ്മി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് അപേക്ഷ പൂരിപ്പിച്ച് നല്‍കാന്‍ ഇരിക്കുന്നയാളെ സമീപിച്ചത്. അപേക്ഷ എഴുതി നല്‍കിയ ശേഷം ഇയാള്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കാനെന്നു പറഞ്ഞു പണം ആവശ്യപ്പെട്ടു. 7500 രുപ ആവശ്യപ്പെട്ട ഇയാള്‍ രണ്ടു തവണയായി 5500 രൂപ കൈപ്പറ്റിയതായി ലക്ഷ്മി തഹസില്‍ദാര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നലെ ഇയാള്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ ലക്ഷ്മി പഞ്ചായത്തംഗമായ ഒ വി റെജിയോടു വിവരം പറഞ്ഞു. തുടര്‍ന്ന് റെജി മുഖേന ലക്ഷ്മി തഹസില്‍ദാര്‍ക്ക് പരാതി നല്‍കുകയായിരുന്നു.സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും പണം തിരികെ വാങ്ങി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

RELATED STORIES

Share it
Top