വിദ്യാലയത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ

കേച്ചേരി: വിദ്യാലയത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ. കേച്ചേരി ഗവണ്‍മെന്റ് എല്‍. പി.സ്‌കൂളിനെ മോടി പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേച്ചേരി മേഖല കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നത്.
ശോചനീയ സ്ഥിതിയിലായ ക്ലാസ്സ് മുറികളും ഗ്രില്ലുകളും പെയിന്റിങ്ങ് നടത്തിയും വിദ്യാലയത്തിന്റെ മതിലുകള്‍ വൃത്തിയാക്കിയുമാണ് പ്രവര്‍ത്തകര്‍ വിദ്യാലയത്തിന്റെ മോടി കൂട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ആരംഭിച്ച പ്രവര്‍ത്തി വിദ്യാലയം തുറക്കുന്നതിന് മുന്‍പ് അവസാനിപ്പിക്കാനുള്ള ഊര്‍ജ്ജിത ശ്രമമാണ് ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ നടത്തുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായണ് വിദ്യാലയത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്ന് മേഖല സെക്രട്ടറി കെ എ സൈഫുദ്ദീന്‍ വ്യക്തമാക്കി. വിദ്യാലയത്തിന്റെ സൗന്ദര്യവല്‍കരണം വഴി കൂടുതല്‍ കുട്ടികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങളും പെയിന്റ് ചെയ്ത് പുത്തന്‍ ആക്കുന്നുണ്ട്. ഡി.വൈ. എഫ്.ഐ. ജില്ലാ സെക്രട്ടറി പി.ബി.അനൂപ്, സി.പി. എം.ലോക്കല്‍ സെക്രട്ടറി സി.എഫ്.ജെയിംസ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ മാര്‍ഗനിര്‍ദേശങ്ങളുമായി പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ട്. വിദ്യാലയത്തിലെ കാട് പിടിച്ച സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളും രംഗത്തുണ്ട്.

RELATED STORIES

Share it
Top