വിദ്യാലയങ്ങള്‍ കേരളത്തെ സാംസ്‌കാരിക പുരോഗതിയിലേക്ക് നയിച്ചു: മന്ത്രി

വടകര: വര്‍ഷങ്ങള്‍ക്കു മുമ്പ് യാതൊന്നുമാഗ്രഹിക്കാതെ ഒരു പറ്റം അക്ഷരസ്‌നേഹികള്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചതുകൊണ്ടാണ് കേരളം സാംസ്‌കാരിക പുരോഗതി കൈവരിച്ചതെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. നാട്ടിന്‍പുറത്തെ കുട്ടികള്‍ രണ്ടക്ഷരം പഠിച്ചു കണ്ണുതെളിയട്ടെ എന്നാണ് അക്ഷര സ്‌നേഹികള്‍ ആഗ്രഹിച്ചത്.
അന്നത്തെ തലമുറയെ ഇന്നത്തെക്കാള്‍ സംസ്‌കാര സമ്പന്നരാക്കി വളര്‍ത്തിയത് ഇവരുടെ പ്രവര്‍ത്തനങ്ങളായിരുന്നു. വിദ്യാലയങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരളം ഉത്തരേന്ത്യന്‍ കുഗ്രാമങ്ങളെ പോലെ ഇരുട്ടിന്റെ ദുരന്തം പേറി നടക്കുന്ന നാടായി മാറിപ്പോവുമായിരുന്നെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചീക്കിലോട് യുപി സ്‌കൂള്‍ 120ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എംഎം നശീദ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ കെ സുരേഷ് ബാബുവിനും, വിവിധ മല്‍സര വിജയികള്‍ക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി. കെ സോമന്‍, എന്‍ അബ്ദുല്‍ ഹമീദ്, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, ടിവി ഭരതന്‍, സിവി കുഞ്ഞിരാമന്‍, കെകെ നാരായണന്‍, ടിഎം അഷ്‌റഫ്, മുത്തു തങ്ങള്‍, ചന്ദ്രന്‍ പീറ്റക്കണ്ടി, എടവന മൂസ, മണ്ണില്‍ രാജന്‍, എന്‍കെ. സുധ, കെ സന്തോഷ്, കെപി അനിത, മുഹമ്മദ് ആദില്‍, നാണു ആയഞ്ചേരി സംസാരിച്ചു.

RELATED STORIES

Share it
Top