വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; മൂന്നുപേര്‍ പിടിയില്‍

കൊണ്ടോട്ടി: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പനയ്ക്കുകൊണ്ടുവന്ന 1.5കിലോ കഞ്ചാവുമായി മൂന്നുപേരെ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊണ്ടോട്ടിയില്‍ പിടികൂടി. തോട്ടശ്ശേരിയറ പനക്കല്‍ അനീഷ്(33), തോട്ടശ്ശേരിയറ നമ്പന്‍കുന്നന്‍ ഫൈസല്‍(37), കൊണ്ടോട്ടി പഴയങ്ങാടി പേങ്ങാടന്‍ മുഹമ്മദ് ഷഹീദ്(21) എന്നിവരാണ് അറസ്റ്റിലായത്. നാലു മാസം മുമ്പ് കൊണ്ടോട്ടിയിലെ പ്രമുഖ സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയില്‍ നിന്നു അധ്യാപകര്‍ കഞ്ചാവ് പിടികൂടിയിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ മലപ്പുറം ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാര്‍ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി സലീം, കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നത് കൊണ്ടോട്ടി ഭാഗത്തെ പ്രായപൂര്‍ത്തിയാവാത്ത ചിലരാണെന്ന് മനസ്സിലായി. ഇവരെ മൂന്നുമാസത്തോളമായി നിരീക്ഷിച്ചുവന്നതില്‍ നിന്നാണ് ഇവര്‍ക്ക് കഞ്ചാവ് വില്‍പനയ്ക്കായി നല്‍കിയിരുന്നത് അനീഷാണെന്ന് മനസ്സിലായത്. ഇയാളെ ഒരു മാസത്തോളമായി നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ കഞ്ചാവുമായി ഇയാള്‍ വരുന്നുണ്ട് എന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അനീഷുള്‍പെടെ മൂന്നുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയടക്കം പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍ ഇയാള്‍ വില്‍പനയ്ക്കായി ഉപയോഗിച്ചിരുന്ന കുട്ടികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ചുവന്ന കുട്ടികളെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. മൂന്നു ദിവസം മുമ്പ് കൊണ്ടോട്ടിയില്‍ വിതരണനത്തിന് കൊണ്ടുവന്ന മയക്കുഗുളികകളുമായി വണ്ടൂര്‍ സ്വദേശി അഭിലാഷിനെ പിടികൂടിയിരുന്നു. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ് എന്നിവര്‍ക്കു പുറമെ സന്തോഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top