വിദ്യാലയങ്ങളില്‍ ഹരിതോല്‍സവം പരിപാടിക്ക് തുടക്കം

കോഴിക്കോട്: വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതോല്‍സവം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബിഇഎം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വഹിച്ചു .10 ഉല്‍സവങ്ങള്‍ സ്‌കൂളുകളില്‍ കൊണ്ടാടുന്നതാണ് ഹരിതോല്‍സവം. ഇതില്‍ ആദ്യത്തെ ഉത്സവം ജൂണ്‍ 5 നായിരുന്നു. അത് ജില്ലയില്‍ നടത്താന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ ഉല്‍സവത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്.
മറ്റ് ഉല്‍സവങ്ങള്‍ ജൂലൈ 1 ഡോക്ടര്‍ ദിനം, 28 ലോകപ്രകൃതി ദിനം, ഓഗസ്റ്റ് 9 പുനരുപയോഗ ദിനം, 29 ദേശീയ കായിക ദിനം, സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനം, ഒക്ടോബര്‍ 2 ഗാന്ധിജയന്തി, 16 ലോക ഭക്ഷ്യ ദിനം, നവംബര്‍ 17 സാര്‍വ്വദേശീയ വിദ്യാര്‍ഥി ദിനം എന്നിവയാണ്. ഇവ മുഴുവന്‍ സ്‌കൂളുകളിലും ആഘോഷിക്കണം. ഇവയുടെ ജില്ലാതല ഉദ്ഘാടനങ്ങള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലായി നടത്തും.
ഡിഡിഇ ഇ കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സേവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ രാധാകൃഷ്ണന്‍, എഞ്ചിനീയര്‍ ഇക്ബാല്‍, ടി വി രാജന്‍, ഷൗക്കത്ത് അലി എരോത്ത്, അബ്ദുല്ല സല്‍മാന്‍, ഏകനാഥന്‍, സില്‍വി സെബാസ്റ്റ്യന്‍, സുമ പള്ളിപ്രം, എം വി കുഞ്ഞമ്മദ് സംസാരിച്ചു. ചടങ്ങിന് എത്തിച്ചേര്‍ന്ന മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്ലാവിന്‍ തൈ വിതരണം ചെയ്തു. കെ ഭാസ്‌കരന്‍ അവതരിപ്പിച്ച പരിസ്ഥിതി സംബന്ധിയായ വെന്‍ട്രിലോക്കിസം, മാജിക് ഷോ എന്നിവയും ഉണ്ടായിരുന്നു.

RELATED STORIES

Share it
Top