വിദ്യാലയങ്ങളില്‍ കൊഴിഞ്ഞുപോക്ക്്് തടയാന്‍ നൂതന പദ്ധതി

പി പി മൊയ്തീന്‍ കോയ

കുറ്റിക്കാട്ടൂര്‍: പൊതുവിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷയേകി നൂതന പദ്ധതി. പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് കൊഴിഞ്ഞുപോകുന്നവരെ വീണ്ടും വിദ്യാലയങ്ങളിലേക്ക് എത്തിക്കാനുള്ള നില്‍ ഡ്രോപ്പ് ഔട്ട്’എന്ന പേരിലുളള പദ്ധതിയാണിത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞനത്തിന്റെ ഭാഗമായി വയനാട് ജില്ലയിലായിരുന്നു ഒന്നര മാസം മുമ്പ് പദ്ധതി തുടക്കമിട്ടത്. ഇതിന്റെ ചുവടുപിടിച്ചാണ് എല്ലാ ജില്ലകളിലേക്കും വ്യാപിച്ച്‌കൊണ്ട് വിപുലമായ പദ്ധതിക്ക് രൂപം നല്‍കുന്നത്.വയനാട് ജില്ലയില്‍ പഞ്ചായത്ത് തലത്തില്‍ വീടുകളും ആദിവാസി കോളനികളും സന്ദര്‍ശിച്ചാണ് സര്‍വേ നടത്തിയത്. ഇതിന്റെ ഭാഗമായി നിര്‍ദിഷ്ട ചോദ്യാവലി തയ്യാറാക്കിയിരുന്നു.എസ്എസ്എയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പാണ് പദ്ധതി തയ്യാറാക്കുന്നത്. പൊതു വിദ്യാഭ്യാസവകുപ്പ് വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളുടെ കണക്ക് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുറ്റിക്കാട്ടൂര്‍ ഗവ. ഹൈസ്‌കൂളില്‍ നിന്നു പഠനം നിര്‍ത്തിയ വിദ്യാര്‍ഥിയുമായും രക്ഷിതാക്കളുമായി തിരുവനന്തപുരത്തുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. സാമ്പത്തികമായും സാമൂഹികമായും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്നതെന്നാണ് വിദ്യാഭ്യാസ വിചക്ഷണരുടെ ഭാഷ്യം.വയനാട് ജില്ലയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കോഴിക്കോട്. വയനാട്ടില്‍ ഒരു ക്ലാസില്‍ നിന്ന് തന്നെ അനേകം കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതിന്റെ കാരണം വിശപ്പാണെങ്കില്‍ നമ്മുടെ നാട്ടില്‍ നിന്ന് കൊഴിഞ്ഞുപോകാനുള്ള കാരണം കലുഷിതമായ കുടുംബാന്തരീക്ഷവും ലഹരി ഉള്‍പ്പടെയുള്ള തിന്‍മകളുമാണെന്ന് കുറ്റിക്കാട്ടൂര്‍ ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക വി ആശ പറഞ്ഞു. നേരത്തെ വയനാട്ടില്‍ ജോലി ചെയ്ത അനുഭവം മുന്‍നിര്‍ത്തിയാണ് ഇത് പറയുന്നതെന്നും ആശ വ്യക്തമാക്കി .

RELATED STORIES

Share it
Top