വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിലും മുസ്‌ലിംകള്‍ക്ക് അവഗണന

എനിക്ക് തോന്നുന്നത് - പി ഖാദര്‍കുട്ടി, കൊല്ലം
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യംവച്ചാണ് സ്‌കോളര്‍ഷിപ്പ് സമ്പ്രദായം ആരംഭിച്ചതു തന്നെ. മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട വിഭാഗങ്ങളെ വിദ്യാഭ്യാസരംഗത്തു സഹായിക്കുകയാണ് സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ മുഖ്യലക്ഷ്യം. രാജ്യത്തെ ജനസംഖ്യയില്‍ 15 ശതമാനം വരുന്ന മുസ്‌ലിംകള്‍ പട്ടികജാതിക്കാരേക്കാള്‍ പിന്നാക്കമാണെന്നും ദാരിദ്ര്യം കാരണം പഠനം ഉപേക്ഷിക്കുന്ന കുടുംബങ്ങള്‍ വലിയൊരു ശതമാനമുണ്ടെന്നുമുള്ള ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. സച്ചാര്‍ കമ്മിറ്റിയുടെ കേരളത്തിലെ സാധ്യതകള്‍ വിലയിരുത്താന്‍ നിയോഗിച്ച പാലോളി കമ്മീഷന്‍ ക്രിസ്ത്യന്‍ സമുദായത്തെ കൂടി ന്യൂനപക്ഷവിഭാഗ സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ആകെ രണ്ട് സ്‌കോളര്‍ഷിപ്പ് മാത്രമാണു ലഭിച്ചിരുന്നത്. അഞ്ചു മുതല്‍ 10ാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കു ലഭിക്കുന്ന ഗേള്‍സ് സ്‌കോളര്‍ഷിപ്പും മൈനോറിറ്റി പ്രീമെട്രിക്കുമാണ് അവ. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് (മൈനോറിറ്റി) വന്നതോടെ, യുപി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കു ലഭിച്ചിരുന്ന 100 രൂപ, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികള്‍ക്കു ലഭിച്ചിരുന്ന 150 രൂപ എന്നീ ഗേള്‍സ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് കുട്ടികള്‍ അപേക്ഷിക്കാറില്ല. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പാണെങ്കില്‍ അപേക്ഷിക്കുന്നവരില്‍ തന്നെ 30 ശതമാനം വിദ്യാര്‍ഥികള്‍ക്കു മാത്രമേ ലഭിച്ചിരുന്നുള്ളൂ. മൈനോറിറ്റി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കണമെങ്കില്‍ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കാണ് നേരത്തേ വേണ്ടിയിരുന്നത്. ഈ വര്‍ഷം അത് 80 ശതമാനം മാര്‍ക്കാക്കി ഉയര്‍ത്തി. ഒപ്പം 2,50,000ല്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ. ഒരു കുട്ടിക്ക് അപേക്ഷ അയക്കണമെങ്കില്‍ 500 രൂപയോളം ചെലവാകുന്നു. റേഷന്‍ കാര്‍ഡിന്റെ കോപ്പി, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, മാര്‍ക്ക്‌ലിസ്റ്റ് എന്നിവ സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം ഓണ്‍ലൈനായി നല്‍കണം. രണ്ടുദിവസമെങ്കിലും ഇതിനായി രക്ഷിതാവും കുട്ടിയും നടക്കണം. 2016-17, 2017-18 വര്‍ഷങ്ങളില്‍ ഈ സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടില്ല. കേന്ദ്ര ഗവണ്‍മെന്റ് ഈ സ്‌കോളര്‍ഷിപ്പ് തടഞ്ഞിരിക്കുകയാണ്.
ഈ വര്‍ഷവും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികള്‍ വാങ്ങുന്നതിന് ഗ്രാന്റിനും സൗജന്യ യൂനിഫോമിനും പുറമേ 2000 രൂപ വീതം എല്ലാ കുട്ടികള്‍ക്കും ലഭിക്കുന്നു. പട്ടികജാതിക്കാരില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്ത പരിവര്‍ത്തിത ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന ഒഇസി വിഭാഗത്തിനും പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു.
ഹിന്ദുസമുദായത്തിലെ മുന്നാക്കക്കാരായ കുട്ടികള്‍ക്ക് മുന്നാക്കസമുദായ കോര്‍പറേഷന്റെ ശുപാര്‍ശപ്രകാരം 2,000 രൂപ വീതം വര്‍ഷാവര്‍ഷം ലഭിക്കുന്നു. കൂടാതെ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പായി 60,000 രൂപ വരെയും ലഭിക്കുന്നു. പട്ടികജാതിക്കാരേക്കാള്‍ പിന്നാക്കമാണെന്ന് വിവിധ പഠന റിപോര്‍ട്ടുകള്‍ വഴി ബോധ്യമായ മുസ്‌ലിംകള്‍ക്ക് ഇപ്പോള്‍ മൂന്നുവര്‍ഷമായി യാതൊരുവിധ സ്‌കോളര്‍ഷിപ്പും ലഭിക്കുന്നില്ല.
ഇത്തരം കാര്യങ്ങള്‍ കാക്കത്തൊള്ളായിരം വരുന്ന മുസ്‌ലിം സംഘടനാ ബാഹുല്യങ്ങള്‍ക്കും മുസ്‌ലിം പാര്‍ട്ടികള്‍ക്കും വിഷയമായിട്ടില്ല. സമുദായത്തില്‍ വരുമാനമില്ലാത്ത ഗതികെട്ടവരുടെ കാര്യങ്ങള്‍ വിളിച്ചുകൂവി നടക്കാന്‍ മാത്രം മണ്ടന്‍മാരല്ല നമ്മുടെ നേതാക്കളും പണ്ഡിതശിരോമണികളുമെന്ന് അറിയാമെങ്കിലും അറിയാതെ ഞാനതു പറഞ്ഞുപോവുകയാണ്.RELATED STORIES

Share it
Top