വിദ്യാര്‍ഥി വിരുദ്ധ കലാശാലകള്‍

എസ്  മുഹമ്മദ് റാഷിദ്
സാക്ഷരതയിലും വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്‍പന്തിയിലാണെന്ന് അവകാശപ്പെടുന്നവരാണ് മലയാളികള്‍. സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്തും പുതുക്കിപ്പണിയാനുള്ള ആയുധവുമാണ് വിദ്യാഭ്യാസം എന്നതിനാല്‍ വിദ്യാഭ്യാസ മേഖലയില്‍ സമുന്നതമായ സ്ഥാനമാണ് സര്‍വകലാശാലകള്‍ക്കുള്ളത്. സംസ്ഥാനത്തെ വിദ്യാഭ്യാസപരമായ പുരോഗതിക്ക് ഊര്‍ജം പകരേണ്ട സര്‍വകലാശാലകള്‍ പക്ഷേ, അധികാര രാഷ്ട്രീയ ചരടുവലിയുടെ ചളിക്കുണ്ടില്‍ അകപ്പെട്ട് വിദ്യാര്‍ഥി വിരുദ്ധതയുടെ കുടിലകേന്ദ്രങ്ങളായി രൂപപ്പെടുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. കേരളത്തിലെ സര്‍വകലാശാലകളെ ഒരു സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കുകയാണെങ്കില്‍ വിദ്യാഭ്യാസത്തിന്റെയും പ്രബുദ്ധതയുടെയുമൊക്കെ കാര്യത്തില്‍ നമ്മുടെ അവകാശവാദങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും.
ഇന്ത്യയില്‍ കേന്ദ്ര സര്‍വകലാശാലകളും സംസ്ഥാന സര്‍വകലാശാലകളും നിലവിലുണ്ട്. കേരളത്തില്‍ യൂനിവേഴ്‌സിറ്റികള്‍ക്ക് ഒരു പഞ്ഞവുമില്ല. ഒരു കേന്ദ്ര സര്‍വകലാശാലയും തിരുവനന്തപുരത്തെ കേരള സര്‍വകലാശാല മുതല്‍ മലപ്പുറത്തെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വരെ ഒരു നീണ്ട നിര തന്നെയുണ്ട്. സ്വകാര്യ സര്‍വകലാശാലകളെ കുറിച്ചുള്ള ചര്‍ച്ചയും സജീവമാണ്. പ്രധാന സര്‍വകലാശാലകളില്‍ പലതിനും പതിറ്റാണ്ടുകളുടെ പാരമ്പര്യവും പരിചയസമ്പത്തുമുണ്ട്. എന്നാല്‍, ഉദ്യോഗസ്ഥ അധികാര കെടുകാര്യസ്ഥതയില്‍ അകപ്പെട്ട് നിലവാരത്തകര്‍ച്ചയുടെ റെക്കോഡിനായി മല്‍സരിക്കുന്ന സര്‍വകലാശാലകള്‍ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്ന ഏജന്‍സികളായി മാറിയിരിക്കുകയാണ്.
പരീക്ഷാസംവിധാനം കാലങ്ങളായി സര്‍വകലാശാലകളില്‍ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കൃത്യസമയത്തു പരീക്ഷ നടത്താനും നടത്തിയ പരീക്ഷകളുടെ ഫലപ്രഖ്യാപനം സമയബന്ധിതമായി പ്രഖ്യാപിക്കാനും സര്‍വകലാശാലകള്‍ക്കു കഴിയുന്നില്ല. അതില്‍ വിദ്യാര്‍ഥി പീഡനത്തിന്റെ ചില ഉദാഹരണങ്ങള്‍ വിവരിക്കാം. കഴിഞ്ഞ വര്‍ഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഒന്നും രണ്ടും സെമസ്റ്റര്‍ കഴിഞ്ഞിട്ട് മൂന്നാം സെമസ്റ്റര്‍ പഠിക്കുമ്പോഴാണ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതേണ്ടിവരുന്നത്. ഇതു വിദ്യാര്‍ഥികളെ മാനസികമായി എത്രത്തോളം സമ്മര്‍ദത്തിലാക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ. സര്‍വകലാശാലാ അധികാരികളോട് പരിഭവം പറഞ്ഞാല്‍, കാലങ്ങളായി തുടര്‍ന്നുവരുന്നതാണ് എന്ന ലാഘവത്തോടെയുള്ള മറുപടിയാണ് കിട്ടുക; ഒന്നിനും സമയം പാലിക്കാതിരിക്കുന്നത് എന്തോ വലിയ അവകാശമാണെന്നപോലെ!
പരീക്ഷാ ഫലപ്രഖ്യാപനം വൈകുന്നതു മൂലം തങ്ങളുടെ മുന്‍കാല പരീക്ഷയെ വിലയിരുത്തി മുന്നോട്ടുപോവുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കാതെ വരുന്നു. അതു മാത്രമല്ല, സര്‍വകലാശാല തന്നെ ഏര്‍പ്പെടുത്തിയിട്ടുള്ള സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ പോലുള്ളവ അപ്രസക്തമാക്കുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാവുന്നത്. കോഴ്‌സ് കഴിഞ്ഞ് രണ്ടു സെമസ്റ്ററിന് ശേഷം പരീക്ഷയെഴുതി മൂന്ന് സെമസ്റ്ററിന് ശേഷം റിസല്‍ട്ട് വരുമ്പോള്‍ ഇംപ്രൂവ്‌മെന്റിന് കൊടുക്കാന്‍ വെളിവുള്ള ആരെങ്കിലും തയ്യാറാവുമോ? പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനം തുടങ്ങിയ അക്കാദമിക് പ്രവര്‍ത്തനങ്ങളും കൃത്യമായി രേഖപ്പെടുത്തിയ അക്കാദമിക് കലണ്ടര്‍ എല്ലാ വര്‍ഷാരംഭവും സര്‍വകലാശാലകള്‍ പുറത്തിറക്കുമെങ്കിലും അതൊന്ന് മറിച്ചുനോക്കാനെങ്കിലും അധികൃതര്‍ കൂട്ടാക്കാറില്ല. ഒരു സര്‍വകലാശാലയും ഈ കലണ്ടര്‍പ്രകാരം യാതൊന്നും നടത്തുന്നില്ല എന്നതാണു യാഥാര്‍ഥ്യം. അക്കാദമിക് കലണ്ടര്‍ നോക്കുകുത്തിയാക്കി തോന്നുന്നതുപോലെ സര്‍വകലാശാലകള്‍ മുന്നോട്ടുപോവുന്നു. യൂനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ കിടന്ന് അക്കാദമിക് കലണ്ടര്‍ വിദ്യാര്‍ഥികളെ നോക്കി പല്ലിളിക്കും. ഒന്നും സമയത്തു നടത്താന്‍ തയ്യാറല്ലെങ്കില്‍ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കാതിരിക്കാനുള്ള മാന്യതയെങ്കിലും കാണിച്ചുകൂടേ. വിദ്യാര്‍ഥികളെ പരിഹസിക്കാന്‍ മാത്രമായി എന്തിനാണ് വര്‍ഷാവര്‍ഷം ഒരു കലണ്ടര്‍ പുറത്തിറക്കുന്നത്?
സെമസ്റ്റര്‍ സംവിധാനം വന്നതു മുതല്‍ തന്നെ പ്രധാന ആക്ഷേപമായി ഉന്നയിക്കപ്പെട്ടത് വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ ആവശ്യമായ സമയം ലഭിക്കില്ലെന്നും കൂടുതല്‍ പഠനഭാരം തലയില്‍ കെട്ടിവയ്‌ക്കേണ്ടിവരുമെന്നുമാണ്. സര്‍വകലാശാലയുടെ പിടിപ്പുകേട് മൂലം സെമസ്റ്ററില്‍ ന്യായമായും കിട്ടേണ്ട സമയം പോലും പഠിക്കാന്‍ ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ മാര്‍ച്ചില്‍ പരീക്ഷ നടത്തേണ്ട കേരള യൂനിവേഴ്‌സിറ്റി അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരിയില്‍ മാത്രമാണ് ക്ലാസുകള്‍ ആരംഭിച്ചത്. അതായത്, ആറു മാസത്തെ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ കിട്ടുക വെറും മുപ്പതില്‍ താഴെ ദിവസം മാത്രം. പരീക്ഷ എന്ന് നടക്കുമെന്നോ കോഴ്‌സ് എന്ന് പൂര്‍ത്തിയാവുമെന്നോ പോലും അറിയാതെ നില്‍ക്കുന്ന കേരളത്തിലെ സര്‍വകലാശാലകളിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യതകള്‍ക്ക് വെളിച്ചം മങ്ങുകയാണ്.
ഫലപ്രഖ്യാപനത്തിലെയും പരീക്ഷാ നടത്തിപ്പിലെയും അനാവശ്യ കാലതാമസം വിദ്യാര്‍ഥികളുടെ പഠന കാലയളവ് വര്‍ധിക്കുന്നതിനും കാരണമാവുന്നു. മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട ഡിഗ്രി കോഴ്‌സുകള്‍ക്ക് നാലു വര്‍ഷം വരെയും രണ്ടു വര്‍ഷം കൊണ്ട് അവസാനിക്കേണ്ട പിജി കോഴ്‌സുകള്‍ക്ക് മൂന്നു വര്‍ഷം വരെയും വേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആരെങ്കിലും ഇംപ്രൂവ്‌മെന്റിന് അപേക്ഷിച്ചാലുള്ള അവസ്ഥ പറയുകയും വേണ്ട. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് മാസങ്ങളും വര്‍ഷങ്ങളുമാണ് സര്‍വകലാശാലാ അധികാരികളുടെ കെടുകാര്യസ്ഥത മൂലം നഷ്ടമാവുന്നത്. സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളില്‍ പിജി, പിഎച്ച്ഡി അഡ്മിഷന് വേണ്ടിയുള്ള എന്‍ട്രന്‍സില്‍ മുന്‍നിരയിലെത്തിയിട്ടും റിസല്‍ട്ട് പ്രഖ്യാപിക്കാത്തത് മൂലം കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്നത് സ്ഥിരം അനുഭവമാണ്.
വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പ് എന്നിവ കൃത്യസമയത്തു വിതരണം നടത്താന്‍ സര്‍വകലാശാലകള്‍ക്കു കഴിയുന്നില്ല. അതുകൊണ്ടുതന്നെ പഠനസമയത്ത് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം ലഭിക്കാതെ വരുന്നു. ഇതു വിദ്യാര്‍ഥികളുടെ പഠനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
വിദ്യാര്‍ഥികള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ കാലങ്ങളായി ബോധ്യപ്പെട്ടിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനോ പരിഹാരമാര്‍ഗം ചര്‍ച്ച ചെയ്യാനോ അക്കാദമിക സമൂഹവും അധികാരികളും തയ്യാറാവുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ യാഥാര്‍ഥ്യം. അതിലുപരി കഴിഞ്ഞകാലങ്ങളിലെ വിദ്യാര്‍ഥി സമരങ്ങള്‍ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഗൗരവതരമായി സമീപിക്കുന്നതിലും കുറവ് സംഭവിച്ചു. മുഖ്യധാരാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് സര്‍വകലാശാലകള്‍ അവരുടെ മാതൃസംഘടനകളുടെ ഇംഗിതത്തിനനുസരിച്ച് അധികാര മേധാവിത്വം നിലനിര്‍ത്താനുള്ള കളിക്കളം മാത്രമാണ്.
വൈസ് ചാന്‍സലര്‍ നിയമനം മുതല്‍ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള കോളജിലെ പ്യൂണ്‍ നിയമനം വരെ യോഗ്യത അവഗണിച്ച് പാര്‍ട്ടി പ്രവര്‍ത്തകനോ അല്ലെങ്കില്‍ പാര്‍ട്ടിയോട് കൂറുപുലര്‍ത്തുന്നവനോ എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ആയിക്കഴിഞ്ഞിരിക്കുന്നു. ആവശ്യമായ സ്ഥിരം അധ്യാപകരെ പോലും നിയമിക്കാതെ പാര്‍ട്ടി അംഗത്വത്തിന്റെ കാലയളവ് അടിസ്ഥാനമാക്കി ഗസ്റ്റ് അധ്യാപകരെ നിയമനത്തിലൂടെ തട്ടിക്കൂട്ടുന്നതാണ് ഇതില്‍ ഏറ്റവും ഭീകരം. ഒരു അക്കാദമിക് സമൂഹത്തിന്റെ നേതൃസ്ഥാനത്താണ് വൈസ് ചാന്‍സലര്‍മാരുടെ ഇരിപ്പിടം. ബൗദ്ധികശേഷിയും വിശാലമായ വികസന കാഴ്ചപ്പാടും ഉദ്ഗ്രഥനശേഷിയും ധാര്‍മികമൂല്യങ്ങളും സര്‍വോപരി, പ്രവര്‍ത്തന പരിചയസമ്പത്തും കൈമുതലാക്കിയവര്‍ കടന്നുവരേണ്ട വൈസ് ചാന്‍സലര്‍ പദവി ഇന്ന് കേരളത്തില്‍ ലേലംവിളിയിലൂടെ നിയമനം നടത്തുന്ന പദവിയായി പരിവര്‍ത്തിക്കപ്പെട്ടു എന്നതാണ് എംജി യൂനിവേഴ്‌സിറ്റി വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങള്‍ വ്യക്തമാക്കുന്നത്.
ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലറും വിദ്യാഭ്യാസമന്ത്രി പ്രോ ചാന്‍സലറുമൊക്കെ ആണെങ്കിലും യൂനിവേഴ്‌സിറ്റികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരും മിനക്കെടാറില്ല. യൂനിവേഴ്‌സിറ്റികള്‍ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാരും ഇടപെടാറില്ല. സര്‍വകലാശാലകള്‍ വിദ്യാര്‍ഥികളുടേതാണ് എന്ന് നാം ഉറക്കെ പറയേണ്ടിയിരിക്കുന്നു. സര്‍വകലാശാലകളുടെ കെടുകാര്യസ്ഥതയുടെ കെടുതി അനുഭവിക്കേണ്ടിവരുന്നത് വിദ്യാര്‍ഥികള്‍ മാത്രമാണ്. കക്ഷിരാഷ്ട്രീയഭേദങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകള്‍ക്കു വേണ്ടി ഒരുമിച്ചുനിന്ന് ശബ്ദമുയര്‍ത്താന്‍ എന്ന് സാധിക്കുന്നോ അന്നു മാത്രമേ നമ്മുടെ യൂനിവേഴ്‌സിറ്റികളില്‍ മാറ്റത്തിന്റെ കാറ്റ് വീശുകയുള്ളൂ.              ി

RELATED STORIES

Share it
Top