വിദ്യാര്‍ഥി പ്രശ്‌നം സങ്കീര്‍ണമാക്കി കേന്ദ്ര സര്‍വകലാശാല

എ പി വിനോദ്

കാഞ്ഞങ്ങാട്: സ്വന്തം രാഷ്ട്രീയതാല്‍പര്യത്തിനു വേണ്ടി വിദ്യാര്‍ഥികളെ കരുവാക്കുന്ന കേന്ദ്ര സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കോടതിയില്‍ ഹരജി നല്‍കി പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. ജനാധിപത്യപരമായും സമാധാനപരമായും സമരം നടത്തിയ ആറു വിദ്യാര്‍ഥികള്‍ക്കെതിരേയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
സര്‍വകലാശാലാ അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച അഖില്‍ താഴത്ത്, എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി അനാഖ്, തുഫൈല്‍ കോരംകുളങ്ങര, എഎസ്എ പ്രവര്‍ത്തകയായ സോന എസ് പാപ്പച്ചന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രന്‍, ജില്ലാ പ്രസിഡന്റ് എം വി രതീഷ് എന്നിവര്‍ക്കെതിരേയാണ് ഹരജി ഫയല്‍ ചെയ്തത്. ഇവര്‍ കാംപസില്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിന് പ്രേരണയുണ്ടാക്കുന്നെന്നും പഠനം തടസ്സപ്പെടുത്തുന്നുവെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. ഈ ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ചീഫ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി, ജില്ലാ പോലിസ് ചീഫ്, യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
കഴിഞ്ഞ 9ന് സര്‍വകലാശാലയില്‍നിന്നു പുറത്താക്കിയതിന്റെ പേരില്‍ അഖില്‍ താഴത്ത് എന്ന വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഉപരോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറും എസ്പിയും പി കരുണാകരന്‍ എംപി, കെ കുഞ്ഞിരാമന്‍ എംഎല്‍എ, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, വിദ്യാര്‍ഥിസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ അഖില്‍ താഴത്തിനെ മാപ്പ് എഴുതി വാങ്ങി തിരിച്ചെടുക്കാന്‍ ധാരണയുണ്ടാക്കിയിരുന്നു. ഇതിനു ശേഷമാണ് വിദ്യാര്‍ഥികള്‍ ഭീഷണിയാണെന്നു പറഞ്ഞ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. വൈസ് ചാന്‍സലര്‍ വിദേശത്തായിരിക്കുമ്പോള്‍ കോളജില്‍ പ്രശ്‌നം സൃഷ്ടിച്ച് സംഘപരിവാര അജണ്ട നടപ്പാക്കാനുള്ള തന്ത്രമാണ് ഇക്കാര്യത്തില്‍ വ്യക്തമാക്കുന്നത്.
ഇതിനിടെ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട സര്‍വകലാശാല 22ന് തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലാ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ പോലിസ് സംരക്ഷണം നല്‍കാന്‍ ബേക്കല്‍ സിഐ, എസ്‌ഐ എന്നിവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍, സമാധാനപരമായി വിദ്യാര്‍ഥിസമരം നടത്താമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അഖില്‍ താഴത്തിനെ തിരിച്ചെടുക്കുന്നത് നീട്ടിക്കൊണ്ടുപോയി സര്‍വകലാശാലയില്‍ പ്രശ്‌നം സൃഷ്ടിക്കാനാണ് സംഘപരിവാര അനുയായിയായ പ്രൊ വിസി ജയപ്രസാദിന്റെ തന്ത്രമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top