വിദ്യാര്‍ഥി കാംപസില്‍ ആത്മഹത്യക്ക് ശ്രമിച്ചു

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ തുടങ്ങിയവരെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് സര്‍വകലാശാലയില്‍ നിന്നു പുറത്താക്കിയ പിജി വിദ്യാര്‍ഥി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കേന്ദ്ര സര്‍വകലാശാലയിലെ ഇന്റര്‍നാഷനല്‍ റിലേഷന്‍ ഡിപാര്‍ട്ട്‌മെന്റിലെ പിജി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയുമായ അഖില്‍ താഴത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ കാംപസിനകത്തെ ഗ്രൗണ്ടിന് സമീപം കുപ്പിച്ചില്ല് ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.
വൈസ് ചാന്‍സലറെയോ കേന്ദ്ര സര്‍വകലാശാലയെയോ പരാമര്‍ശിക്കാതെ ആക്ഷേപഹാസ്യരൂപത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പോസ്റ്റര്‍ സര്‍വകലാശാലയ്ക്ക് അപമാനം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് കഴിഞ്ഞമാസം ആറിന് അഖിലിനെ പുറത്താക്കിയത്. ജൂണ്‍ 25 മുതല്‍ സസ്‌പെന്‍ഷനിലായിരുന്ന അഖില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായില്ലെന്നാണ് സര്‍വകലാശാലയുടെ വാദം. എന്നാല്‍, രണ്ടു തവണ അന്വേഷണ സമിതിക്കു മുമ്പാകെ അഖില്‍ ഹാജരായിരുന്നു. തന്റെ പോസ്റ്റിന്റെ പേരില്‍ ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്ന് അച്ചടക്ക സമിതി മുമ്പാകെ അറിയിച്ചിരുന്നു.
കാംപസിലെ ഉപകരണത്തിന്റെ ഗ്ലാസ് ചില്ല് തകര്‍ത്തുവെന്നതിന്റെ പേരില്‍ ദലിത് വിദ്യാര്‍ഥിയായ ജി നാഗരാജുവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന നാഗരാജുവിനെ അനുകൂലിച്ച ഇംഗ്ലീഷ് വിഭാഗം മേധാവി പ്രസാദ് പന്ന്യനെതിരേയും സര്‍വകലാശാല നടപടിയെടുത്തിരുന്നു. വിദ്യാര്‍ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അഖിലിന്റെ വിഷയം അടുത്ത സര്‍വകലാശാലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ പുനപ്പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം കാംപസിലേക്കെത്തിയ അഖിലിനെ സുരക്ഷാ ഗാര്‍ഡ് തടഞ്ഞു. ഇതില്‍ മനംനൊന്താണ് അഖില്‍ ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് സഹപാഠികള്‍ പറയുന്നത്. അഖിലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സര്‍വകലാശാല ആര്‍എസ്എസ്‌വല്‍ക്കരിക്കുന്നതിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ നടപടി ശക്തമാക്കിയത്.

RELATED STORIES

Share it
Top