വിദ്യാര്‍ഥി ഇരുമ്പുദണ്ഡ് കൊണ്ട് അധ്യാപകന്റെ തലയ്ക്കടിച്ചു

ന്യൂഡല്‍ഹി: 12 വയസ്സുകാരന്‍ ക്ലാസില്‍ വച്ച് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അധ്യാപകനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ എയിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടനില തരണം ചെയ്തതായി പോലിസ് വ്യക്തമാക്കി.
ഡല്‍ഹി സാകേത് ഗവ. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അധ്യാപകനെ ക്രൂരമായി ആക്രമിച്ചത്.
വിദ്യാര്‍ഥിക്കെതിരേ ഐപിസി 308 പ്രകാരം പോലിസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ക്ലാസില്‍ വച്ചു വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് അധ്യാപകന്‍ ഇരുമ്പുദണ്ഡ് കണ്ടെടുത്തു. ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുമെന്നു പറഞ്ഞതാണ് വിദ്യാര്‍ഥിയെ പ്രകോപിതനാക്കിയത്.
ബാഗില്‍ നിന്ന് ഇരുമ്പുദണ്ഡ് കണ്ടെടുത്തതിനെ തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ഥിയെ ശകാരിക്കുകയും ഇക്കാര്യം വിദ്യാര്‍ഥിയുടെ അമ്മാവനെ ഫോണ്‍ വിളിച്ച് അറിയിക്കുകയും ചെയ്തതായി അധ്യാപകരും വിദ്യാര്‍ഥികളും പോലിസിന് മൊഴി നല്‍കി. ആക്രമണശേഷം വിദ്യാര്‍ഥി ക്ലാസില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
കുട്ടി ക്ലാസില്‍ വരാതിരിക്കുന്നത് പതിവായിരുന്നു. ഇത് അധ്യാപകന്‍ ചോദ്യം ചെയ്തിരുന്നു. ഇതും പ്രകോപനത്തിന് കാരണമായിട്ടുണ്ടെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top