വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തലശ്ശേരി: മമ്പറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അദ്ധ്യാപിക മര്‍ദിച്ച സംഭവത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് സ്വമേധയാ കേസെടുത്തു. പരീക്ഷയെഴുതിയില്ലെന്ന കാരണം പറഞ്ഞ് സ്റ്റീല്‍ സ്‌കെയില്‍ കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ കൈഞരമ്പ് മുറിഞ്ഞെന്നാണു വാര്‍ത്ത.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കണമെന്ന് കണ്ണൂര്‍ ജില്ലാ പോലിസ് സൂപ്രണ്ട്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ ഓഫിസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. ആധുനിക കാലഘട്ടത്തില്‍പ്പോലും പ്രാകൃതമായ ശിക്ഷാമുറകള്‍ നടപ്പാക്കുന്നതില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഉത്കണ്ഠ രേഖപ്പെടുത്തി.
മര്‍ദനത്തിനിരയായ വിദ്യാര്‍ഥിയെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. തലശ്ശേരി ഏരിയാ പ്രസിഡന്റ് പി എം ഫര്‍സാന്‍, സെക്രട്ടറി മിര്‍സ ഷെഹ്‌സാബ് തുടങ്ങിയവരാണു സന്ദര്‍ശിച്ചത്.

RELATED STORIES

Share it
Top