വിദ്യാര്‍ഥിയെ കെട്ടിയിട്ട് മര്‍ദിച്ച യുവാവ് വിദേശത്തേക്ക് കടന്നു

പൊന്നാനി: മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നിരപരാധിയായ എട്ടു വയസ്സുകാരനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച ഡിവൈഎഫ്‌ഐ നേതാവ് മശ്ഹൂഖ്(30) ഖത്തറിലേക്ക് കടന്നു. പൊന്നാനി പോലിസില്‍ കുട്ടിയുടെ മാതാവ് രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ പോലിസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഖത്തറിലേക്ക് കടന്നത്. ഇയാളുടെ മര്‍ദനത്തില്‍ പരിക്കേറ്റ മുസമ്മലിനെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വെളിയങ്കോട് തണ്ണിത്തുറ പടിഞ്ഞാറ് ഭാഗത്ത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണു സംഭവം. മദ്‌റസയില്‍ പോവുന്ന വഴിയിലെ മശ്ഹൂഖിന്റെ വീട്ടില്‍ കുറച്ചു കുട്ടികള്‍ വളര്‍ത്തുമല്‍സ്യങ്ങളെ കാണാന്‍ പോയിരുന്നു. ചില കുട്ടികള്‍ കളര്‍ മല്‍സ്യങ്ങളെ എടുക്കുകയും ചെയ്തു. ഇതിനിടെ മശ്ഹൂഖ് എത്തിയപ്പോള്‍ മല്‍സ്യം എടുക്കാന്‍ ശ്രമിച്ചവര്‍ ഓടി രക്ഷപ്പെട്ടു. കാര്യമെന്തെന്നറിയാത്ത എട്ടു വയസ്സുകാരനായ മുസമ്മില്‍ ഓടിയില്ല. ഇതിനിടയിലാണ് പ്രതി കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. ഭയന്ന കുട്ടി സംഭവം ആരോടും പറഞ്ഞില്ല. വൈകീട്ട് വീട്ടുകാര്‍ ശരീരമാസകലം അടിയേറ്റ പാടുകള്‍ കണ്ടതോടെ കുട്ടി നടന്ന സംഭവങ്ങളെല്ലാം അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലാക്കി.
രാഷ്ട്രീയ വിരോധമാണ് കുഞ്ഞിനെ മര്‍ദിക്കാന്‍ കാരണമെന്ന് കുട്ടിയുടെ മാതാവ് സമീന ആരോപിച്ചു. ഇതുസംബന്ധമായ വാര്‍ത്ത വന്നതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. തുടര്‍ന്നാണ് പരാതി പൊന്നാനി പോലിസിന് കൈമാറിയത്.

RELATED STORIES

Share it
Top