വിദ്യാര്‍ഥിയുടെ മരണം; മൂന്നുപേര്‍ അറസ്റ്റില്‍

ഉദുമ: കാണാതായ പത്താംതരം വിദ്യാര്‍ഥിയെ റെയില്‍വെ ട്രാക്കിനരികിലെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂട്ടുകാരായ മൂന്നുപേരെ ബേക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു.
മരണപ്പെട്ട മുഹമ്മദ് ജാസിമിന്റെ സുഹൃത്തുക്കളായ സമീര്‍ (20), വിനീഷ് (20), സഹപാഠിയായ 16കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന വകുപ്പ് ചേര്‍ത്താണ് പ്രതികളുടെ അറസ്റ്റ്. അറസ്റ്റിലായ 16കാരനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
മറ്റു രണ്ടുപേരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയും മാങ്ങാട് ചോയിച്ചങ്കല്ലിലെ ജാഫറിന്റെ മകനുമായ മുഹമ്മദ് ജാസിമിനെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കളനാട് റെയില്‍വെ ട്രാക്കിന് സമീപത്തെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ട്രെയിനിടിച്ചാണ് പരിക്കേറ്റതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു. വിദ്യാര്‍ഥിയുടെ മരണം കൊലപാതകമാണെന്നു ബന്ധുക്കള്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, കൊലപാതകമാണെന്നു സൂചനയില്ലെന്നും ട്രെയിന്‍ തട്ടിയാണ് മരണമെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top