വിദ്യാര്‍ഥിയുടെ മരണം: പോലിസ് അന്വേഷണം ഊര്‍ജിതമാക്കി

ഉദുമ: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയും ചോയിച്ചിങ്കാലിലെ ജാഫറിന്റെ മകനുമായ മുഹമ്മദ് ജാസിം(15) ദുരൂഹസാഹചര്യത്തില്‍ റെയില്‍വേ ട്രാക്കിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
നിയമസഭയില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഇതുസംബന്ധിച്ച് സബ്മിഷന്‍ ഉന്നയിച്ചതിനെ തുടര്‍ന്ന്് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്. വിവിധ സംഘടനകള്‍ ആക്ഷന്‍ കമ്മിറ്റി രുപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒന്നിനാണ് ജാസിമിനെ കാണാതായത്. നാലിനാണ് മൃതദേഹം കളനാട് റെയില്‍വേ ട്രാക്കിനടുത്ത് ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
യാത്രയയപ്പിനുള്ള വസ്ത്രങ്ങള്‍ വാങ്ങാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായതിനെ തുടര്‍ന്ന് ബേക്കല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കഞ്ചാവ് മാഫിയയുമായി ബന്ധമുള്ള രണ്ടുപേരും ബന്ധുവും ചട്ടഞ്ചാല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയുമായ 15 കാരനും ജാസിമും ഒന്നിച്ചാണ് പോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിദ്യാര്‍ഥിയെ കഞ്ചാവ് മാഫിയ അപകടപ്പെടുത്തിയതാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.
ജാസിമിനോടൊപ്പമുണ്ടായിരുന്ന മൂന്നുപേരെ കഞ്ചാവ് വലിച്ച കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പോലിസിന്റെ കേസന്വേഷണത്തില്‍ പാകപ്പിഴയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം നടത്തുന്നത്.
ജാസിമിനോടൊപ്പമുണ്ടായിരുന്ന സംഘത്തിലെ ഒരാളുടെ ചെരിപ്പ് മൃതദേഹത്തിന് തൊട്ടടുത്ത് കണ്ടെത്തിയതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. നേരത്തേ ട്രെയിന്‍ തട്ടിയാണ് വിദ്യാര്‍ഥി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top