വിദ്യാര്‍ഥിയുടെ കൊലപാതകം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്: മജീദ് ഫൈസി

മലപ്പുറം: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുടെ കൊലപാതകം വേദനാജനകവും സങ്കടകരവുമാണെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. കലാലയങ്ങള്‍ സംഘര്‍ഷഭരിതമാവുന്നതും കൊലപാതകരാഷ്ട്രീയവും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മജീദ് ഫൈസി പറഞ്ഞു.
മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമന്യു എന്ന വിദ്യാര്‍ഥിയുടെ കൊലപാതകം ഏറെ സങ്കടം നിറഞ്ഞതാണ്. കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. ഈ കൊലപാതകത്തെയും അതിന്റെ ഉത്തരവാദിത്തെത്തയും എസ്ഡിപിഐക്കുമേല്‍ കെട്ടിവച്ച് സംസ്ഥാനത്തെങ്ങും സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ഗൂഢനീക്കം അപലപനീയമാണ്. മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയിലാണ് അനിഷ്ടസംഭവം ഉണ്ടായത്. കാംപസ് ഫ്രണ്ട് പാര്‍ട്ടിയുമായി ഒരുതരത്തിലും ബന്ധമില്ലാത്ത സംഘടനയാണ്.
പാര്‍ട്ടിക്ക് ഒരു പങ്കുമില്ലാത്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരേ ഉയരുന്ന എല്ലാ ആരോപണങ്ങളെയും തള്ളിക്കളയുന്നുവെന്നും മജീദ് ഫൈസി പറഞ്ഞു. മഹാരാജാസ് കോളജില്‍ മറ്റു വിദ്യാര്‍ഥിസംഘടനകളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം തടഞ്ഞ് ആധിപത്യം സ്ഥാപിക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കാറുള്ളത്.
കാംപസിനകത്തു നിന്ന് മാരകായുധങ്ങള്‍ വരെ കണ്ടെടുക്കുകയുണ്ടായി. കൊലപാതകത്തിനു കാരണമായ മുഴുവന്‍ സാഹചര്യങ്ങളും പരിശോധിക്കാനും മുന്‍വിധികളില്ലാത്ത നിയമനടപടിക്കും ആഭ്യന്തരവകുപ്പ് തയ്യാറാവണമെന്ന് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top