വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. പന്തല്ലൂര്‍ നെല്ലിയാളം ബിദര്‍ക്കാട് ചെന്തംകുന്ന് മുണ്ടണിശ്ശേരി തങ്കച്ചനെ(57)യാണ് സിഐ എം ഡി സുനിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ അഞ്ചിനാണ് കൊട്ടിയൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബന്ധുകൂടിയായ തങ്കച്ചന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് ആത്മഹ്തയ്ക്കു ശ്രമിച്ചതെന്ന കുട്ടിയുടെ മൊഴിപ്രകാരം പോലിസ് കേസെടുക്കുകയായിരുന്നു. കുട്ടിയുടെ മൊഴി പ്രകാരം ആദ്യം പോലിസ് തങ്കച്ചനെ ചോദ്യംചെയ്തിരുന്നെങ്കിലും ഇയാള്‍ നിഷേധിച്ചു. സ്വകാര്യ ആശുപത്രിയില്‍ നടന്ന ആദ്യ വൈദ്യപരിശോധനയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു റിപോര്‍ട്ട് നല്‍കി. കുട്ടിയുടെ മൊഴിയിലെ വൈരുധ്യവും കൂടിയായതോടെ ഇത്തരമൊരു പീഡനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലിസിന് സംശയമായി. ഇതേത്തുടര്‍ന്ന്് കല്‍പ്പറ്റ പോക്‌സോ കോടതിയുടെ നിര്‍ദേശപ്രകാരം കല്‍പ്പറ്റ മുന്‍സിഫ് മജിസ്‌ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്തി. ഇതിനു പുറമെ വീണ്ടും സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി ഈ പരിശോധനയില്‍ തെളിഞ്ഞു. ഇതനുസരിച്ച്് പോലിസ് വീണ്ടും തങ്കച്ചനെ ചോദ്യം ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ പരിശോധനയ്ക്ക് അയച്ചു. വിദ്യാര്‍ഥിനിയുടെ അശ്ലീല ചിത്രങ്ങള്‍ ഫോണില്‍ നിന്നു കണ്ടെടുത്തു. ഇതോടെ പീഡിപ്പിച്ചിട്ടില്ലെന്ന തങ്കച്ചന്റെ വാദം പൊളിയുകയായിരുന്നു. തുടര്‍ന്ന്് ഇയാള്‍ക്കെതിരേ പോക്‌സോ, ഐടി ആക്ട്്, ബലാല്‍സംഘം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കല്‍പ്പറ്റ പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ  സഹപാഠിയുമായി അടുപ്പത്തിലായതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ മൂന്നു മാസങ്ങള്‍ക്കു മുമ്പാണ്് ബിദര്‍ക്കാടുള്ള തങ്കച്ചന്റെ വീട്ടിലേക്ക് മാറ്റിയത്. ഇവിടെ താമസിക്കുന്നതിനിടെയായിരുന്നു പീഡനം. അസഹ്യമായതോടെ പഴൂരിലെ ഇയാളുടെ സ്ഥാപനത്തില്‍ വച്ച് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായ പെണ്‍കുട്ടിയെ തങ്കച്ചന്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സുഖംപ്രാപിച്ച കുട്ടിയെ പോലിസ് കമ്പളക്കാട്  ചൈല്‍ഡ് ലൈന്‍ ഹോമിലേക്ക് മാറ്റി.

RELATED STORIES

Share it
Top