വിദ്യാര്‍ഥിനിയെ വില്ലേജ് ഓഫിസര്‍ അപമാനിച്ചെന്ന്

മുക്കം: അപേക്ഷകളില്‍ യഥാസമയം തീര്‍പ്പുകല്‍പ്പിക്കാതെ അപേക്ഷകരെ വട്ടം കറക്കുന്നതായി കാണിച്ച്  കുമാരനെല്ലൂര്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ വീണ്ടും പരാതി. ഇന്നലെയാണ് പരാതിയുമായി കൂടുതല്‍ പേര്‍ എത്തിയത്.
പിതാവ് ഉപേക്ഷിച്ച് പോയ മരഞ്ചാട്ടി സ്വദേശിയായ  വിദ്യാര്‍ഥിനി കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിനായെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനിയെ ആളുകളുടെ  മുന്നില്‍ വെച്ച് അപമാനിച്ചതായാണ് പരാതി. അപമാനം സഹിച്ചും സര്‍ട്ടിഫിക്കറ്റിനായി കാത്തിരുന്ന വിദ്യാര്‍ഥിനിയോട് എറെ സമയത്തിന് ശേഷം പിതാവ് ഉപേക്ഷിച്ച് പോയി എന്നതിന് രണ്ടു സാക്ഷികള്‍ വേണമെന്നറിയിക്കുകയും അതു പ്രകാരം സാക്ഷികളേയുമായെത്തിയപ്പോള്‍ വീണ്ടും  കാത്ത് നിര്‍ത്തിയതായും വിദ്യാര്‍ത്ഥിനി പറഞ്ഞു.
പ്രായമായ ഒരാളെയും ജോലിക്ക് പോയ മറ്റൊരാളേയുമായി എത്തിയ പെണ്‍കുട്ടി ഏറെ കാത്തിരുന്നങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതുമില്ല. സംഭവത്തില്‍ വിദ്യാര്‍ത്ഥിനി പട്ടികജാതി വകുപ്പു മന്ത്രിക്കും മുക്കം പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
വില്ലേജ് ഓഫിസര്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസര്‍ക്കെതിരെ ഇന്നലെയും പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകരെത്തി. ബ്ലോക്ക് പഞ്ചായത്തംഗം വി ജയപ്രകാശിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ ആസൂത്രിത നീക്കത്തിന്റെ ഫലമാണ് വില്ലേജ് ഓഫിസിലെ സംഭവ വികാസമെന്ന് അവര്‍ പറഞ്ഞു. തഹസില്‍ദാര്‍ അനിതകുമാരിയും, മുക്കം പോലിസും ഇന്നലെ സ്ഥലത്തെത്തി പരാതിക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട് .

RELATED STORIES

Share it
Top