വിദ്യാര്‍ഥിനിയെ ബംഗാള്‍ സ്വദേശി കഴുത്തില്‍ കുത്തി കൊന്നു

പെരുമ്പാവൂര്‍: മുത്തശ്ശിയുടെ കഴുത്തിലെ മാല മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞ വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തില്‍ കുത്തി കൊന്നു. വാഴക്കുളം അമ്പുനാട് എടത്തിക്കാട് അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ തമ്പിയാണ് (22) കൊല്ലപ്പെട്ടത്. പ്രതി പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ബിജുമുള്ളയെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. ഈ സമയം വീട്ടില്‍ നിമിഷയും മുത്തശ്ശി മറിയാമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ വീടിന് അല്‍പം അകലെയാണ് പ്രതി ബിജു താമസിക്കുന്നത്. മറ്റാരുമില്ലെന്ന് ഉറപ്പാക്കി വീട്ടിലെത്തിയ ബിജു അടുക്കളവാതില്‍ക്കല്‍ ഇരിക്കുകയായിരുന്ന മറിയാമ്മയുടെ കഴുത്തില്‍ നിന്നു മാല പറിക്കാന്‍ ശ്രമിച്ചു.
നിമിഷ മറിയാമ്മയുടെ ബഹളം കേട്ട് ഓടിയെത്തി മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞു. ഇതിനിടയില്‍ നിമിഷയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി പ്രതി ആക്രമിക്കുകയായിരുന്നു. പിടിവലിയില്‍ താഴെ വീണ നിമിഷയുടെ കഴുത്തില്‍ പ്രതി ആഞ്ഞുകുത്തി. രണ്ടുതവണ കഴുത്തില്‍ കുത്തിയതായാണ് വിവരം.
കുത്തേറ്റ് നിമിഷയുടെ കഴുത്തിന്റെ മുക്കാല്‍ഭാഗത്തോളം അറ്റു. നിമിഷയുടെയും മറിയാമ്മയുടെയും അലര്‍ച്ച കേട്ട് സമീപത്ത് താമസിക്കുന്ന തമ്പിയുടെ ചേട്ടന്‍ ഏലിയാസും ഭാര്യ ഏലിയാമ്മയും ഓടിയെത്തി. ഏലിയാസ് ബിജുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാളുടെ കൈക്കും കുത്തി. ശേഷം ഓടിരക്ഷപ്പെട്ടു. അപ്പോഴേക്കും ബഹളംകേട്ടെത്തിയ നാട്ടുകാര്‍ നിമിഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എംഇഎസ് കോളജ് ബിബിഎ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് നിമിഷ. കൈയില്‍ ആഴത്തില്‍ കുത്തേറ്റ ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിനുശേഷം സമീപത്തുതന്നെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മറ്റൊരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതി ബിജുവിനെ നാട്ടുകാര്‍ പിടികൂടി പോലിസിനു കൈമാറി. പ്രതി കുറ്റം സമ്മതിച്ചതായും മദ്യപിക്കുന്നതിനുള്ള പണത്തിനായാണ് മാല പറിക്കാന്‍ ശ്രമം നടത്തിയതെന്നും പോലിസ് അറിയിച്ചു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top