വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊന്നയാളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി: മലപ്പുറം നിലമ്പൂരില്‍ മകളുടെ കൂട്ടുകാരിയും ഒമ്പതു വയസ്സുകാരിയുമായ മദ്‌റസാ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു.
പൂക്കോട്ടുംപാടം ചുള്ളിയോട് പൊന്നാംകല്ല് പാലപ്പറമ്പത്ത് അബ്ദുല്‍ നാസറിന് മഞ്ചേരി സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. കൊലപാതകത്തിന് വധശിക്ഷയും ബലാല്‍സംഗത്തിന് ഏഴു വര്‍ഷത്തെ തടവുശിക്ഷയുമായിരുന്നു സെഷന്‍സ് കോടതിയുടെ വിധി. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 2012 ഏപ്രില്‍ നാലിന് രാവിലെ 6.30ന് മദ്‌റസയിലേക്ക് പോവുകയായിരുന്ന ഒമ്പതുകാരിയെ പ്രതി പീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. മദ്‌റസയില്‍ പോവാന്‍ കൂട്ടുകാരിയെ വിളിക്കാനായി പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. ഭാര്യയും മകളും സമീപത്തെ മരണ വീട്ടില്‍ പോയതിനാല്‍ തനിച്ചായിരുന്ന പ്രതി കുട്ടിയെ വീട്ടിനകത്തേക്ക് വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്യുകയും ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
മദ്‌റസയിലേക്ക് പോയ കുട്ടി തിരിച്ചു വന്നില്ലെന്ന് കാണിച്ച് മാതൃ സഹോദരന്‍ നിലമ്പൂര്‍ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പ്രതിയുടെ വീട്ടിലെ ബാത്ത്‌റൂമില്‍ കണ്ടെത്തിയത്. 2013 ജൂലൈയിലായിരുന്നു വധ ശിക്ഷ വിധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി വിധി. കുറ്റകൃത്യം മറച്ചുവയ്ക്കാനും തെളിവു നശിപ്പിക്കാനും മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളാനുള്ള ഉദ്ദേശ്യത്തോടെയാണ് ആദ്യം കട്ടിലിനടിയിലും പിന്നീട് ബാത്ത്‌റൂമിലും സൂക്ഷിച്ചതെന്നും വ്യക്തമാണ്. ഇത്തരം കേസുകളില്‍ സുപ്രിംകോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഞെട്ടിപ്പിക്കുന്നതും അതിക്രൂരമായ കുറ്റകൃത്യമാണ് സമൂഹത്തോട് പ്രതി ചെയ്തത്. കോടതിയേയും ഞെട്ടിച്ച സംഭവമാണിത്. അതിനാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് വിലയിരുത്തിയ കോടതി വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.

RELATED STORIES

Share it
Top