വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സഹപാഠികള്‍ മാനസികമായി പീഡിപ്പിച്ചെന്നു ബന്ധുക്കള്‍

തൃശൂര്‍: പീച്ചി കൂട്ടാലയില്‍ കോളജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപാഠികള്‍ക്കെതിരേ ആരോപണവുമായി ബന്ധുക്കള്‍. സഹപാഠികളുടെ മാനസിക പീഢനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മണ്ണുത്തി മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പരേതനായ ബാലന്റേയും ജയയുടെയും മകള്‍ അനഘ(18)യാണ് മരിച്ചത്.
വിഷുദിവസം പീച്ചി കൂട്ടാലയിലെ അമ്മയുടെ കുടുംബവീട്ടില്‍ പോയ അനഘയെ തിങ്കളാഴ്ച വൈകീട്ടാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തൃശൂര്‍ ചെമ്പൂക്കാവിലെ ഒരു സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ സിഎംഎ വിദ്യാര്‍ഥിനിയാണ് മരിച്ച അനഘ. സഹപാഠികളായ കൂട്ടുകാരില്‍ നിന്നുണ്ടായ കടുത്ത മാനസിക പീഢനമാണ് അനഘയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഉറ്റ സുഹൃത്തായ വിദ്യാര്‍ത്ഥിനിയും സഹപാഠിയായ ആണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തെ അനഘ എതിര്‍ത്തിരുന്നു. ഇത് ചോദ്യം ചെയ്തതിലെ പ്രതികാരമായി സുഹൃത്തുക്കള്‍ പിന്നീട് കോളജിലെത്തിയ അനഘയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാനസികമായി തളര്‍ന്ന അനഘ കോളജില്‍ പോകില്ലെന്നും ചൂണ്ടിക്കാട്ടി ആത്മഹത്യാ കുറിപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ സഹപാഠികളായ രണ്ട് പെണ്‍കുട്ടികളുടേയും ഒരാണ്‍കുട്ടിയുടേയും പേരുണ്ട്. സ്വന്തം മൊബൈല്‍ ഫോണിലും കോളജ് ബാഗിനുള്ളില്‍ നിന്നുമായി കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് ബന്ധുക്കള്‍ പോലിസിനു കൈമാറി.പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  മൃതദേഹം ഇന്ന് പോസ്റ്റുമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

RELATED STORIES

Share it
Top