വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അധ്യാപകരെ പുറത്താക്കണമെന്ന്

ആലത്തൂര്‍: ഇരട്ടക്കുളം ശ്രീനാരായണ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് 2ാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അശ്വതി മരണപ്പെട്ട സംഭവത്തില്‍ ആത്മഹത്യ കുറിപ്പില്‍ ആരോപിച്ച അധ്യാപകരെ കോളജില്‍ നിന്നും അന്വേഷണ വിധേയമായി പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാനേജ്‌മെന്റ് ഓഫിസ് ഉപരോധിച്ചു.
തിങ്കളാഴ്ച്ച വൈകുന്നേരമാണ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തു നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പില്‍ കോളജിലെ അധ്യാപകരുടെയും സഹപാഠികളുടെയും മാനസിക പീഡനമാണ് മരണകാരണമെന്നാണ് അശ്വതി എഴുതിയിരുന്നത്. ഇതിലെ ആരോപണ വിധേയരായവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ 11മുതല്‍ മാനേജ്‌മെന്റ് ഓഫിസ് ഉപരോധിച്ചത്.
തുടര്‍ന്ന് മാനേജ്‌മെന്റ് പ്രതിനിധികളുമായി എസ്‌ഐ എസ് അനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആരോപണ വിധേയരെ മാറ്റി നിര്‍ത്തി മാനേജ്‌മെന്റ് അന്വേഷണം നടത്തുമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു. കോളജ് അടയ്ക്കുകയും ചെയ്തു. എസ്എഫ്‌ഐ ജില്ല വൈസ് പ്രസിഡന്റ് കെ അന്‍ഷിഫ്, ഏരിയ സെക്രട്ടറി എച്ച് അജ്മല്‍, പ്രസിഡന്റ് ആര്‍ സ്വരാജ്, യു വിഷ്ണു, എ അനൂപ്, യൂനിറ്റ് സെക്രട്ടറി ഫൈസല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top