വിദ്യാര്‍ഥിനിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരത; സംഭവം പുറത്തറിയിച്ച അധ്യാപികയ്ക്ക് ജോലി പോയി

കരുനാഗപ്പള്ളി(കൊല്ലം): കിടക്കയില്‍ മൂത്രമൊഴിച്ച കുറ്റത്തിന് രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ചട്ടുകം പഴുപ്പിച്ചു ശരീരമാസകലം പൊള്ളിച്ച രണ്ടാനമ്മയുടെ ക്രൂരത പുറത്തറിയിച്ച അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍ നിന്നു പുറത്താക്കി. തഴവ ആദിത്യവിലാസം ജിഎല്‍പി സ്‌കൂളിലെ താ ല്‍ക്കാലിക അധ്യാപിക രാജിയെയാണു ജോലിയില്‍ നിന്നു പുറത്താക്കിയത്.
കുട്ടിയുടെ വീഡിയോ സമൂഹമാധ്യമത്തി ല്‍ പ്രചരിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്തതുമൂലം സ്‌കൂളിന് നാണക്കേടുണ്ടായെന്ന് ആരോപിച്ചാണ് പുറത്താക്കിയത്. കഴിഞ്ഞദിവസം പ്രധാനാധ്യാപകന്‍ വിളിച്ചുചേ ര്‍ത്ത അടിയന്തര സ്റ്റാഫ് യോഗത്തിലാണു രാജിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് ഏറെ പേരുദോഷം കേള്‍പ്പിച്ചുവെന്നും മാധ്യമപ്രവര്‍ത്തകരെ വിവരം അറിയിക്കാന്‍ പാടില്ലായിരുന്നുവെന്നും യോഗം വിലയിരുത്തി. തുടര്‍ന്നാണ് അധ്യാപികയെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.
മൂന്നു ദിവസം മുമ്പാണ് ശൂരനാട് കിടങ്ങയം ചെപ്പള്ളി തെക്കതില്‍ അനീഷിന്റെ മകളെ രണ്ടാനമ്മയായ ആര്യ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചത്. കിടക്കയില്‍ മൂത്രം ഒഴിച്ചതിനാണ് പൊള്ളിച്ചതെന്നാണു കുട്ടി പറഞ്ഞത്. രണ്ടാഴ്ചയായി കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. വീട്ടില്‍ വിളിച്ചു ചോദിച്ചപ്പോള്‍ പനിയാണെന്ന മറുപടിയാണു ലഭിച്ചത്. തുടര്‍ന്ന് സ്‌കൂളിലെത്തിയ കുട്ടി ആകെ ക്ഷീണിതയായി കണ്ടതോടെ അധ്യാപികയായ രാജി ചോദിച്ചപ്പോള്‍ പനിയാണെന്നാണ് ആദ്യം പറഞ്ഞത്. കുട്ടി കരയുന്നതു ശ്രദ്ധയില്‍പ്പെട്ട രാജി കൂടുതല്‍ ചോദിച്ചപ്പോഴാണു ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച കാര്യം പറഞ്ഞത്. കുട്ടിയുടെ ഇരു തുടകളും പൊള്ളി അടര്‍ന്നിരുന്നു. രാജി ഉടന്‍ പ്രധാനാധ്യാപകനെ വിവരമറിയിച്ചു. എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാ ന്‍ തയ്യാറായില്ല. ഇതോടെ വാര്‍ഡ് അംഗം വിപിനെ വിളിച്ചുവരുത്തി ശിശുസംരക്ഷണ സമിതിയെ വിവരം അറിയിക്കുകയായിരുന്നു. അവരുടെ നിര്‍ദേശപ്രകാരം കരുനാഗപ്പള്ളി പോലിസ് കുട്ടിയുടെ മൊഴിയെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം മാതാപിതാക്കള്‍ക്കെതിരേ കേസെടുത്തു. രണ്ടാനമ്മ പതാരം ശൂരനാട് തെക്ക് ചെമ്പള്ളിതെക്കതില്‍ ആര്യ(21), അച്ഛന്‍ അനീഷ് (29) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു വര്‍ഷമായി രാജി ഈ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായി ജോലിനോക്കുകയായിരുന്നു. പിടിഎയാണ് നിയമനം നടത്തിയത്. അതേസമയം രാജി ധിക്കാരപരമായി കാര്യങ്ങള്‍ ചെയ്തതു ചോദ്യംചെയ്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

RELATED STORIES

Share it
Top